പാർലമെന്റ് കെട്ടിട ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കണമെന്ന ഹരജി: പൊതുതാത്പര്യമെന്തെന്ന് കോടതി, ഹരജി പിൻവലിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം രാഷ്​ട്രപതി ദ്രൗപദി മുർമുവിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരമൊരു ​ആവശ്യവുമായി കോടതിയെ സമീപിച്ചതിനെ ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തതോടെ ഹരജിക്കാരനായ അഡ്വ. ജയ സുകിൻ ഹരജി പിൻവലിക്കുകയാണെന്ന് അറിയിച്ചു. ഈ ഹരജിയുമായി വന്നതിന് പിഴ ചുമത്താത്തതിന് കോടതിയോട് നന്ദിപറയണമെന്നും ബെഞ്ച് ഹരജിക്കാരനായ അഭിഭാഷകനോട് പറഞ്ഞു.

സർക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രിക്ക് പാർലമെന്റിനുമേൽ ഒരു അധികാരമില്ലെന്നും രാഷ്​​ട്രപതിക്കാണ് പാർലമെന്റിന് മേലുള്ള അധികാരമെന്നും ജയ സുകിൻ വാദിച്ചു. ഭരണഘടനയുടെ 79ാം അനുച്ഛേദ പ്രകാരം ഇരുസഭകളും രാഷ്​ട്രപതിയും ചേർന്നതാണ് പാർലമെന്റ് എന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ അതെങ്ങനെ ഉദ്ഘാടനവുമായി ബന്ധിപ്പിക്കുമെന്ന് ബെഞ്ച് ചോദിച്ചു.

പാർലമെന്റ് മേധാവി എന്ന നിലയിൽ രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും ഭരണഘടനയുടെ 87ാം അനുച്ഛേദ പ്രകാരം പാർലമെന്റ് സമ്മേളനം തുടങ്ങേണ്ടത് രാഷ്​​ട്രപതിയുടെ പ്രത്യേക അഭിസംബോധനയോടുകൂടിയാണെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. അതും ഉദ്ഘാടനവും തമ്മിലെന്ത് ബന്ധമെന്ന ചോദ്യം ബെഞ്ച് ആവർത്തിച്ചു.

ഹരജി തള്ളുമെന്ന് കണ്ടതോടെ താൻ പിൻവലിക്കാമെന്ന് ഹരജിക്കാരൻ ബോധിപ്പിച്ചപ്പോൾ ഹരജി തള്ളിയില്ലെങ്കിൽ ഇതേ ആവശ്യവുമായി ഹൈകോടതിയിൽ പോകാൻ സാധ്യതയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, താൻ ഹൈകോടതിയിൽ പോകില്ലെന്നും ഹരജി തള്ളിയാൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിനുള്ള സാക്ഷ്യപത്രം ആകുമെന്നതുകൊണ്ടാണ് താൻ പിൻവലിക്കുന്നതെന്നും ജയ സുകിൻ മറുപടി നൽകി.

Tags:    
News Summary - Supreme Court Refuses To Entertain PIL Seeking Direction That New Parliament Building Be Inaugurated By President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.