ന്യൂഡൽഹി: തലസ്ഥാനത്ത് തെരുവുനായ്ക്കളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എം.സി.ഡി) പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഈ വിഷയത്തിൽ മറ്റൊരു ഹരജി സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞതിനെത്തുടർന്നാണ് അടിയന്തരമായി വാദം കേൾക്കാൻ ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചത്.
തെരുവുനായ്ക്കളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സുപ്രീം കോടതി മാറ്റിവെച്ചിട്ടും എം.സി.ഡി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നാണ് ഹരജിയിലുള്ളത്. ഡൽഹിയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്ന് ആഗസ്റ്റ് 14ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ആഗസ്റ്റ് 11ലെ നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹരജിയിൽ ഉത്തരവ് തൽക്കാലം മാറ്റിവെക്കുകയായിരുന്നു. ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹിയിലെ എല്ലാ പ്രദേശങ്ങളിൽനിന്നും തെരുവുനായ്ക്കളെ എത്രയും വേഗം കണ്ടെത്തി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.