ന്യൂഡൽഹി: ആസിഡ് ആക്രമണത്തിൽ ആന്തരികമായി പരിക്കേറ്റവർക്കും ഭിന്നശേഷി അവകാശ പരിരക്ഷ ബാധകമാക്കി സുപ്രീംകോടതി. ഇതുപ്രകാരം നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തേ ആസിഡ് ആക്രമണത്തിൽ ശരീരത്തിൽ ബാഹ്യ പരിക്കുകളുള്ളവരെ മാത്രമേ ഈ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. അതിനാൽ തന്നെ ബലമായി ആസിഡ് കുടിപ്പിക്കുകയോ മറ്റോ വഴി പുറമെ പരിക്കില്ലാതെ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കുന്നവർ 2016ലെ നിയമത്തിന് പുറത്തായിരുന്നു. ഇത് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നിർദേശം. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടേതാണ് പ്രത്യേക ഉത്തരവ്.
ആസിഡ് ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റവർക്കും ആവശ്യമായ പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭേദഗതി നടത്തിയാൽ അത് നിയമം നിലവിൽവന്ന 2016മുതൽ പ്രാബല്യത്തിലുള്ളതായി കണക്കാക്കുമെന്നും ബെഞ്ച് അറിയിച്ചു.
ആസിഡ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഷഹീൻ മാലിക് സമർപ്പിച്ച റിട്ട് ഹരജിയിലാണ് തീരുമാനം. ആസിഡ് ആക്രമണത്തിൽ ആന്തരികമായി പരിക്കേൽക്കുന്നവർക്ക് സംരക്ഷണമില്ലെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. തുടർന്ന് ‘ആസിഡ് ആക്രമണ ഇരകൾ’ എന്ന നിർവചനത്തിൽ ആസിഡ് നിർബന്ധിപ്പിച്ച് കഴിപ്പിച്ചവരെയും ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം, ആസിഡ് ആക്രമണ കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ആക്രമണം നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചുകൂടായെന്നും കോടതി ചോദിച്ചു. ഇന്ത്യയിൽ ആസിഡിന്റെ ലഭ്യതയെക്കുറിച്ച് സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ആസിഡ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പുനപരിശോധിക്കാനും ചില സാഹചര്യങ്ങളിൽ നിയമവിരുദ്ധ വിൽപ്പനക്ക് ആസിഡ് വിൽക്കുന്നവരെ ഉത്തരവാദികളാക്കുന്നത് ചിന്തിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.