സുനാലി ഖതും കുടുംബത്തോടൊപ്പം ബംഗ്ലാദേശിൽ

അനധികൃത കുടിയേറ്റക്കാരിയാക്കി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും കുടുംബത്തെയും തിരികെ എത്തിക്കണമെന്ന് സുപ്രീംകോടതി; അധികൃതരുടെ വിവേകമില്ലാത്ത ക്രൂരതക്ക് ഇരയായി സുനാലി ഖതും

കൊൽക്കത്ത: ഗർഭിണിയായ സുനാലിയെ അനധികൃത കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് തള്ളി. 26 കാരിയായ യുവതി അവിടെയെത്തിയപ്പോൾ അനധികൃത കുടിയേറ്റക്കാരിയായി ജയിലിലടയ്ക്കപ്പെട്ടു.

ഇപ്പോൾ അവരുടെ ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ സുപ്രീം ​കോടതി ഇടപെട്ട് മോചനമായി. എന്നാൽ ഇനിയും ഇന്ത്യയിലെത്തിക്കാൻ സർക്കാർ തയ്യാറയിട്ടില്ല. അധികൃതരുടെ വിവേകമില്ലാത്ത ക്രൂരതക്ക് ഇരയായി ദുരിതജീവിതം നയിക്കുകയാണ് സുനാലി ഖതും എന്ന പാവം ബംഗാളി യുവതി.

ഭർത്താവിനും മകനുമൊപ്പമാണ് സുനാലിയെ ഡൽഹി പൊലീസ് അഞ്ചുമാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരെന്നാരോപിച്ചാണ് ഈ കുടുംബത്തെ രാജ്യത്തു നിന്ന് പൊലീസ് ഓടിച്ചത്. അവിടെയെത്തിയപ്പോൾ ബംഗ്ലാദേശികളല്ലെന്ന് തിരിച്ചറിഞ്ഞ് അവർ പിടിച്ച് ജയിലിലിട്ടു.

കുടുംബത്തെ മോചിപ്പിക്കണമെന്ന് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിട്ടും കേന്ദ്ര ഗവൺമെന്റ് തയ്യാറായില്ല. കൊൽക്കത്ത ഹൈകോടതി ഉത്തരവിനെ സുപ്രീം കോടതിയിൽ ഗവൺമെന്റ് ചോദ്യം ചെയ്തു. എന്നാൽ തിരിച്ചടി കിട്ടി. സുനാലിയെ അവരുടെ എട്ടു വയസ്സുള്ള മകനൊപ്പം രാജ്യത്തെത്തിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മനുഷ്യാവകാശ ലംഘനം നടന്നതായി കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂ​ര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ച്ചി എന്നിവരടങ്ങിയ ബഞ്ചാണ് കൊൽക്കത്ത ഹൈകോടതി ഉത്തരവിനെ ​ചോദ്യം ചെയ്ത കേന്ദ്രത്തിന് മറുപടി നൽകിയത്. സുനാലിയെയും കുടുംബത്തെയും നാടുകടത്തിയ ഉത്തരവ് സുപ്രീം കോടതി റദ്ദുചെയ്തു. ഗർഭിണിയായ സ്ത്രീയുടെ അവസ്ഥ പരിഗണിച്ച് അവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി സൊളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഗവൺമെന്റിൽ നിന്ന് നിർദ്ദേശം ലഭിക്കാൻ തനിക്ക് രണ്ടു ദിവസം നൽകണമെന്ന് തുഷാർ ​മേത്ത കോടതിയോടാവശ്യ​പ്പെട്ടു.

സുനാലി​ക്കൊപ്പം ഭർത്താവിനും രാജ്യത്തെത്താൻ അനുമതി നൽകണമെന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. എന്നാൽ ഇതെപ്പറ്റി കോടതി ഒന്നും പറഞ്ഞില്ല. പകരം കേസ് നാളത്തേക്ക് മാറ്റി.

എന്നാൽ ഇന്നലെ ബംഗ്ലാദേശിലെ ചപായി നവാബ്ഗഞ്ച് ജില്ലാ കോടതി സുനാലിക്കും ഭർത്താവ് ഡാനിഷിനും മകനും ജാമ്യം അനുവദിച്ചു. ബംഗ്ലാദേശി കറൻസിയായ 5000 ടാക്ക അടച്ചാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ രാജ്യം വിടാൻ അനുമതി ഉണ്ടായിരുന്നില്ല.

ഇവിടത്തെ അഭിഭാഷകർ ഇടപെട്ടാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഇനി ഇന്ത്യയിൽ നിന്ന് തുടർ നടപടിക്കായി കാത്തിരിക്കുകയാണ് ഇവർ. അവിടത്തെ കോടതി ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയെ വിവരം ധരിപ്പിച്ചു.സുനാലിയുടെ കുടുംബ സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ മൊഫിസുൽ ഇസ്‍ലാമി​ന്റെ സംരക്ഷണയിലാണ് കുടംബം ഇ​​പ്പോൾ.

ബിർഭും എന്ന സ്ഥലത്താണ് സുനാലിയുടെ പിതാവ് ബോധു ഷേക് കഴിയുന്നത്. അഞ്ചു മാസമായി മകളെ കാത്തിരിക്കുന്ന കുടുംബം ഇന്ത്യാ ഗവൺമെന്റിന് അപേക്ഷ നൽകിയിട്ടുണ്ട്.

Tags:    
News Summary - Supreme Court orders return of pregnant woman and her family who were deported to Bangladesh as illegal immigrants; Sunali Khatum is a victim of senseless cruelty by authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.