ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട കർണാടകയിലെ വോട്ടുകൊള്ള അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടും പരിഹാര നടപടിയുണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടിയ ഹരജിക്കാരനോട് കമീഷനെ തന്നെ സമീപിക്കാൻ നിർദേശിച്ചാണ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജി തള്ളിയത്.
വോട്ടുകൊള്ള വിവാദത്തിൽ പ്രതിരോധത്തിലായ തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിക്കും ആശ്വാസകരമായ ഇടപെടലാണ് സുപ്രീംകോടതിയിൽനിന്നുണ്ടായിരിക്കുന്നത്. ഹരജിക്കാരന്റെ അഭിഭാഷകനെ കേട്ടുവെന്നും പൊതുതാൽപര്യാർഥം സമർപ്പിച്ച ഈ റിട്ട് ഹരജി അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാന്തരമായ മറ്റു പരിഹാര നടപടികൾക്കായി മുന്നോട്ടുപോകാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിൽ തുടർന്നു.
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ കൂട്ടത്തോടെ വ്യാജ വോട്ടർമാരെ ചേർത്തും യഥാർഥ വോട്ടർമാരെ വെട്ടിമാറ്റിയും വോട്ടുകൊള്ള നടത്തി ഭരണഘടന ഉറപ്പു നൽകുന്ന സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് പാണ്ഡെ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വോട്ടർപട്ടികയുടെ സ്വതന്ത്രമായ പരിശോധന പൂർത്തിയാകുംവരെ വോട്ടർപട്ടിക പുതുക്കരുതെന്ന് കമീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.