ന്യൂഡൽഹി: തെരുവുനായ് കേസിൽ വെള്ളിയാഴ്ച ഇടക്കാല നിർദേശങ്ങൾ നൽകുമെന്നും സംസ്ഥാന സർക്കാറുകൾ സമർപ്പിച്ച മറുപടി പരിശോധിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നും സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകിയ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ കേന്ദ്ര ക്ഷേമ ബോർഡിനെ കക്ഷിചേർക്കാനും നിർദേശിച്ചു.
തെരുവുനായ്ക്കളുടെ എണ്ണം, കടിയേൽക്കുന്ന സംഭവങ്ങൾ, വന്ധ്യംകരണത്തിന്റെയും വാക്സിനേഷന്റെയും വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങൾ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കേണ്ടത്. അതേസമയം, അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ചട്ടപ്രകാരം സീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദേശം പാലിക്കാതിരുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ തിങ്കളാഴ്ച കോടതിയിൽ ഹാജരായി ക്ഷമാപണം നടത്തി.
പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ തിരക്കിലായതിനാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് കേരള ചീഫ് സെക്രട്ടറിക്ക് കോടതി നേരത്തെ ഇളവ് നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം എന്നിവരാണ് ഹാജരായത്. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചീഫ് സെക്രട്ടറിമാരെ ഇനിയും വിളിച്ചുവരുത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.