കവിതക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വൻ പ്രതിഷേധത്തിനിടയാക്കിയതിനിടെ ഇതേകേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

രാഷ്ട്രീയ വ്യക്തിത്വമായതുകൊണ്ട് മാത്രം നിയമപരമായ വഴികളെ എളുപ്പവഴിയിലൂടെ മറികടക്കാനാകില്ലെന്നും ജാമ്യത്തിനായി വിചാരണ കോടതിയിൽ പോകണമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ജാമ്യം നിഷേധിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹരജി ഇതേ ബെഞ്ചിന്റെ പരിഗണനയിലേക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിട്ടെങ്കിലും പരിഗണിക്കും മുമ്പേ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി അത് പിൻവലിച്ച് കീഴ്കോടതിയിലേക്ക് പോകാമെന്നറിയിച്ചു.

ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയിൽ വിട്ട് ശനിയാഴ്ച കവിതയെ വിചാരണ കോടതിയിൽ വീണ്ടും ഹാജരാക്കാനിരിക്കെയാണ് സുപ്രീംകോടതിയിൽ നിന്നുള്ള തിരിച്ചടി. കെജ്രിവാളിനൊപ്പമിരുത്തി ചോദ്യംചെയ്യാൻ കവിതയെ ഇ.ഡി വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടേക്കും.

രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കവിതക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ഒരു മാപ്പുസാക്ഷിയുടെ മൊഴിയല്ലാതെ തെളിവിന്റെ ഒരു തുണ്ടുപോലുമില്ല. ഇതേ ബെഞ്ചിന്റെ ഉത്തരവിനെതിരാണിത്. തനിക്കെതിരെ ഉത്തരവിട്ടാലും ഹൈകോടതിയിൽ പോകാൻ പറയരുതെന്ന് സിബൽ ബോധിപ്പിച്ചപ്പോൾ വിചാരണ കോടതിയിൽ പോകാത്തതെന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ഖന്ന ചോദിച്ചു.

വിചാരണ കോടതിയിൽ പോയ ഹേമന്ത് സോറന് എന്താണ് സംഭവിച്ചതെന്ന് കപിൽ സിബൽ തിരിച്ചുചോദിച്ചു. അതുപോലെ കവിതയുടെ കാര്യത്തിലുണ്ടാകരുതെന്ന് സിബൽ വാദിച്ചു. ഭരണഘടനയുടെ 32ാം അനുഛേദത്തിന്റെ ബലത്തിൽ കവിതക്ക് ജാമ്യം നൽകില്ലെന്ന് തീർത്തുപറഞ്ഞ ബെഞ്ച് ഹരജിക്കാർക്ക് വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിൽ ചേർത്തു. സുപ്രീംകോടതിയുടെ ചരിത്രം എഴുതുമ്പോൾ ഇതൊരു സുവർണ കാലഘട്ടമായിരിക്കില്ലെന്ന് മൂന്നംഗ ബെഞ്ചിനെ ഓർമിപ്പിച്ചാണ് സിബൽ കോടതി വിട്ടിറങ്ങിയത്.

Tags:    
News Summary - Supreme Court directs K Kavitha to approach lower court for bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.