ന്യൂഡൽഹി: രാജ്യത്തെ സമൂഹ അടുക്കളകൾക്കായി (കമ്യൂണിറ്റി കിച്ചൻ) മാതൃക പദ്ധതി തയാറാക്കുന്നതും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിന് കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നതും പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. അതേസമയം, ഇതുസംബന്ധിച്ച ശേഖരണ, ഗതാഗത പ്രശ്‌നങ്ങൾ സംസ്ഥാനങ്ങൾ നോക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പട്ടിണിമരണങ്ങൾ ഒഴിവാക്കാൻ സമൂഹ അടുക്കള നയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന റിട്ട് ഹരജിയിലാണ് നിർദേശം. പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാനും പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നിർദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാറുകൾക്ക് സമയം നൽകിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു.
'പട്ടിണി, പോഷകാഹാരക്കുറവുമൂലം മരണം തുടങ്ങിയ വലിയ വിഷയങ്ങളല്ല കോടതിയുടെ പരിഗണനയിലുള്ളത്. വിശപ്പകറ്റണം. പാവപ്പെട്ട ആളുകൾ തെരുവിൽ വിശക്കുകയാണ്. ഈ പ്രശ്‌നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. വിഷയം മനുഷ്യത്വപരമായി എടുത്ത് പരിഹാരത്തിന് ശ്രമിക്കുക. ബുദ്ധി പ്രയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
സംസ്ഥാനങ്ങൾ സത്യവാങ്മൂലങ്ങൾ ഹരജിക്കാരനും അറ്റോണി ജനറലിനും (എ.ജി) ഉടൻ അയച്ചാൽ അടുത്ത വാദംകേൾക്കലിന് എ.ജിക്ക് സമർപ്പിക്കാൻ കഴിയും. കൃത്യസമയത്ത് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്ക് നേരത്തേ ചുമത്തിയിരുന്ന ചെലവുകളും കോടതി ഒഴിവാക്കി. 2019-2021ലെ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകൾ പഴയതായതിനാൽ പട്ടിണിമരണങ്ങളുടെ പുതിയ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാറിന് കഴിയും. കേന്ദ്രം ഫണ്ട് നൽകിയാൽ ഭക്ഷണം നൽകാമെന്ന നിലപാടിലാണ് കൂടുതൽ സംസ്ഥാനങ്ങളും. ചില സംസ്ഥാനങ്ങൾ സ്വന്തം നിലക്കുതന്നെ സമൂഹ അടുക്കള നടത്തുന്നുണ്ട്. ആവശ്യമുള്ളവർക്ക് ഭക്ഷണമോ സഹായമോ സർക്കാർ നൽകുന്നില്ലെന്നല്ല പറയുന്നതെന്നും മാതൃക പദ്ധതി രൂപവത്കരിക്കാനാണ് നിർബന്ധിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. വിവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതിനാൽ കേന്ദ്രത്തിന് പദ്ധതി രൂപവത്കരിച്ച് നടപ്പാക്കൽ സംസ്ഥാനങ്ങൾക്ക് വിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.