സുപ്രീംകോടതി
ന്യൂഡൽഹി: ഭരണഘടനാ വിഷയങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്നും സാധാരണക്കാരുടെ വിഷയങ്ങൾ പരിഗണിക്കുന്നില്ലെന്നുമുള്ള ആരോപണം നിഷേധിച്ച് സുപ്രീംകോടതി. ഈ വിഷയം ഉന്നയിച്ച് അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ അയച്ച ഇ-മെയിൽ പരമാർശിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആരോപണം നിഷേധിച്ചത്.
പൊതുതാൽപര്യം ഇല്ലാത്ത ഭരണഘടനാ വിഷയങ്ങൾ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന് മാത്യൂസ് ഇ-മെയിലിൽ കുറ്റപ്പെടുത്തിയിരുന്നു. ഭരണഘടനാ വിഷയങ്ങൾ പരിഗണിക്കരുതെന്നും ഭരണഘടനാ ഇതര വിഷയങ്ങൾ മാത്രം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് താങ്കൾ അയച്ച ഇ-മെയിൽ ലഭിച്ചതായി സെക്രട്ടറി ജനറൽ അറിയിച്ചതായി ചീഫ് ജസ്റ്റിസ് മാത്യൂസിനോട് പറഞ്ഞു.
എന്നാൽ, ഭരണഘടനാ ഇതര വിഷയങ്ങൾ എന്നതുകൊണ്ട് സാധാരണക്കാരുടെ വിഷയങ്ങൾ എന്നാണ് അർഥമാക്കിയതെന്ന് മാത്യൂസ് മറുപടി നൽകി. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളുടെ പ്രാധാന്യം താങ്കൾ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനങ്ങളുടെ അടിസ്ഥാനമായ ഭരണഘടനാ വ്യാഖ്യാനമാണ് ഇത്തരം ബെഞ്ചുകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു- കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയ വിഷയം പ്രധാനപ്പെട്ടതല്ലെന്ന് പരാതിക്കാരോ സർക്കാറോ കരുതുമെന്ന് തോന്നുന്നില്ല. ഇതുസംബന്ധിച്ച് ജമ്മു-കശ്മീരിൽനിന്നുള്ള വ്യക്തികളുടെ വാദം തങ്ങൾ കേട്ടതാണ്. രാഷ്ട്രത്തിെന്റ ശബ്ദമാണ് തങ്ങൾ കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനത്തിനുവേണ്ടി മാത്യൂസ് നെടുമ്പാറ സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഈ വിഷയം ഉയർന്നുവന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയിൽ എത്തിയെന്നു പറഞ്ഞാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.