ന്യൂഡൽഹി: പ്രലോഭനങ്ങൾ, നിർബന്ധം അല്ലെങ്കിൽ വഞ്ചന എന്നിവയിലൂടെ വിശ്വാസ പരിവർത്തനത്തിന് 7 മുതൽ 14 വർഷം വരെ തടവ് ശിക്ഷ വിധിക്കുന്ന യു.പിയിലെ നിയമവിരുദ്ധ മതപരിവർത്തന നിയമത്തിലെ ഭേദഗതികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.
ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നിവ നടപ്പിലാക്കിയ സമാനമായ നിയമങ്ങളെ ചോദ്യം ചെയ്ത് വ്യക്തികൾ സമർപ്പിച്ച മറ്റൊരു കൂട്ടം ഹരജികൾക്കൊപ്പം മെയ് 13ന് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം രാജ്യത്തിന്റെ മതേതര ഘടനക്ക് നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്നും പൗരന്മാരുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും രൂപ് രേഖ വർമ, ശ്രീവാസ്തവ രാകേഷ് കുമാർ, മൈക്കൽ വിജയ് വില്യംസ് എന്നിവർ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ ആരോപിച്ചു.
‘പരിഷ്കരിച്ച നിയമം നടപടിക്രമപരമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താതിനാൽ പരാതിക്കാരുടെ എണ്ണം ഏറ്റുന്നു. ഇത് നിയമ സംവിധാനത്തിൽ വിശ്വാസം പുലർത്തുന്ന വ്യക്തികളെപോലും പ്രോസിക്യൂട്ട് ചെയ്യാൻ പ്രാപ്തമാക്കുന്നു. ഇതിലെ അവ്യക്തവും വിശാലവുമായ വ്യവസ്ഥകൾ നിയമസാധുതയുടെ തത്വത്തെയും ലംഘിക്കുന്നു. നിരപരാധികളായ പ്രവൃത്തികളെ കുറ്റകരമായി വ്യാഖ്യാനിക്കാൻ അനുവദിക്കുന്നു. ഇത് ഏകപക്ഷീയമായ നടപ്പാക്കലിലേക്കും മൗലികാവകാശങ്ങളെ ഭയപ്പെടുത്തുന്ന ഫലത്തിലേക്കും നയിക്കുന്നു’- കൃഷ്ണ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.