ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മറ്റു കമീഷണർമാർ എന്നിവരെ നിയമിക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2023ലെ നിയമ ഭേദഗതിയെ തന്റെ വിധിയിൽ വിമർശിച്ച രണ്ടംഗ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രമായാൽ പോരാ സ്വതന്ത്രമാണെന്ന് പ്രവൃത്തിയിൽ കാണിക്കണമെന്നും അഭിപ്രായപ്പെട്ടു. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന് മാത്രമേ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയൂ എന്ന് ജസ്റ്റിസ് ദത്ത കൂട്ടിച്ചേർത്തു.

അതേസമയം, 2023ലെ നിയമം ചോദ്യം ചെയ്യുന്ന ഹരജികൾ വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിടണമെന്ന കേന്ദ്ര സർക്കാറിന്‍റെ ആവശ്യത്തിൽ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത, സർക്കാറിന്‍റെ ആവശ്യം തള്ളിയപ്പോൾ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ സർക്കാറിന് അനുകൂല നിലപാട് സ്വീകരിച്ചു. ഭിന്നവിധിയുടെ സാഹചര്യത്തിൽ, ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിഷയം ചീഫ് ജസ്റ്റിസിന്‍റെ മുമ്പാകെ വെക്കാൻ ബെഞ്ച് ഉത്തരവിട്ടു.

സെലക്ഷൻ സമിതിയിൽ നാമനിർദേശം ചെയ്യുന്ന മന്ത്രിക്ക് തന്‍റെ പേര് നിർദേശിച്ച പ്രധാനമന്ത്രിയെ ധിക്കരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. കൂട്ടുത്തരവാദിത്തമെന്ന തത്ത്വം അതിന് അനുവദിക്കുകയുമില്ല. ഒരു നിഷ്പക്ഷ വ്യക്തി എടുക്കുന്ന സ്വതന്ത്ര നിലപാട് കാബിനറ്റ് മന്ത്രിമാർക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മറ്റ് കമീഷണർമാർ എന്നിവരെ സ്വന്തം വരുതിയിലാക്കാൻ അവരുടെ നിയമന, സേവന, കാലാവധി വ്യവസ്ഥകൾ സംബന്ധിച്ച നിയമത്തിൽ 2023ൽ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനയുടെ 145(3) വകുപ്പിന് കീഴിൽ വിശാല ബെഞ്ചിന് വിടണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അഞ്ച് ദിവസം വാദം കേട്ട വിഷയത്തിൽ, നിർഭാഗ്യവശാൽ ബെഞ്ചിന് ഭിന്നാഭിപ്രായമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപാങ്കർ ദത്ത, ഭരണാധികാരികൾ നിയമത്തിന് വിധേയരായിരിക്കണമെന്നതും അവർ നിയമത്തിന് മുകളിൽ അല്ലെന്നതും ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമാണെന്ന് വ്യക്തമാക്കി.

ജസ്റ്റിസ് ദത്തയുടെ നിരീക്ഷണങ്ങളോട് പൂർണമായും വിയോജിച്ച ജസ്റ്റിസ് ശർമ നിയമത്തിലെ കാതലായ വിഷയം വിശാല ബെഞ്ച് തീരുമാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 2023ലെ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്രമന്ത്രിയുമാണ് ഉൾപ്പെടുക. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷനെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ഹരജിയിലെ വാദം.

Tags:    
News Summary - Supreme Court says It is not enough for the commission to be independent it must be seen in action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.