സുപ്രീംകോടതി
ന്യൂഡൽഹി: കുറ്റകൃത്യങ്ങളുടെ അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുമ്പാകെ സംസാരിക്കുന്നതിന് പൊലീസിന് സമഗ്രമായ മാർഗനിർദേശങ്ങളുണ്ടാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പൊലീസ് വെളിപ്പെടുത്തൽ മാധ്യമ വിചാരണക്ക് വഴിയൊരുക്കരുത് എന്ന് ഓർമിപ്പിച്ച് മൂന്നു മാസത്തിനകം മാർഗനിർദേശങ്ങൾ തയാറാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകിയത്.
പൊലീസ് ബ്രീഫിങ്ങിന് മാർഗനിർദേശത്തിനായി മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിക്കാൻ എല്ലാ സംസ്ഥാന ഡി.ജി.പിമാർക്കും ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന്റെ അഭിപ്രായം കൂടി പരിഗണിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
ഒരു പ്രതിയെ കുടുക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അന്യായമാണ്. വ്യക്തി കുറ്റകൃത്യം ചെയ്തുവെന്ന പക്ഷപാതപരമായ തോന്നൽ പൊതുജനത്തിനുണ്ടാക്കാൻ പക്ഷപാതപരമായ റിപ്പോർട്ട് ഇടയാക്കും. സ്വകാര്യതകളും മാധ്യമറിപ്പോർട്ടുകൾ ലംഘിക്കും. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിങ്ങിൽ കാതലായ മാറ്റമുണ്ടായി. പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും നിർണായക പങ്കുവഹിച്ചു തുടങ്ങി. പൊലീസ് വെളിപ്പെടുത്തൽ ഒരുപോലെയാകാൻ പറ്റില്ല. കുറ്റകൃത്യത്തിന്റെയും പങ്കാളികളായവരുടെയും സാക്ഷികളുടെയും ഇരകളുടെയും സ്വഭാവം, ഇരയുടെയും പ്രതിയുടെയും വയസ്സ്, ലിംഗം തുടങ്ങിയവയെല്ലാം വെളിപ്പെടുത്തലിന്റെ സ്വഭാവം തീരുമാനിക്കുന്നതിൽ നിർണായകമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നിർണായകമായ വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിയാനുള്ള ജനത്തിന്റെ അവകാശം, പൊലീസ് വെളിപ്പെടുത്തൽ അന്വേഷണ പ്രക്രിയയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം, പ്രതിയുടെ അവകാശങ്ങൾ, എല്ലാറ്റിനുമുപരി നീതി നിർവഹണം തുടങ്ങി അനേകം തലങ്ങളുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണനെ അമിക്കസ് ക്യൂറിയായി ഈ കേസിൽ സുപ്രീംകോടതി നേരത്തേ നിയോഗിച്ചിരുന്നു. റിപ്പോർട്ടിങ്ങിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ പറ്റാത്തതിനാൽ വിവരങ്ങളുടെ ഉറവിടമായ സർക്കാർ സ്ഥാപനങ്ങൾ ചില നിയന്ത്രണം പാലിക്കേണ്ടതുണ്ട് എന്നായിരുന്നു അമിക്കസ് ക്യൂറി ബോധിപ്പിച്ചത്.
ഒരു വിഷയത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങൾ മാധ്യമങ്ങളിൽ വരുന്നത് തടയാനാണ് നിയന്ത്രണമെന്നും ആരുഷി കേസ് ഉദാഹരണമാക്കി അമിക്കസ് ക്യൂറി വ്യക്തമാക്കി. അതിനാൽ, അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുമ്പാകെ പൊലീസ് നടത്തുന്ന ബ്രീഫിങ്ങിന് ആവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങുന്ന മാന്വൽ വേണമെന്നും അദ്ദേഹം ശിപാർശ ചെയ്തു. ലോസ് ആഞ്ജലസ് പൊലീസ് ഡിപ്പാർട്ടുമെന്റ്, ന്യൂയോർക് പൊലീസ് ഡിപ്പാർട്ടുമെന്റ് ബ്രിട്ടീഷ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കമ്യൂണിക്കേഷൻ, സി.ബി.ഐ മാന്വൽ എന്നിവ ഇതിന് മാതൃകയാക്കാമെന്ന നിർദേശവും അമിക്കസ് ക്യൂറി മുന്നോട്ടുവെച്ചു.
പി.യു.സി.എൽ സമർപ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട് രണ്ടു വിഷയങ്ങളാണ് കോടതിക്ക് പരിഗണിക്കാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഏറ്റുമുട്ടലുകളുണ്ടാകുമ്പോൾ കൈക്കൊള്ളേണ്ട നടപടി ക്രമമാണ് ഒന്നാമത്തേത്. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളാണ് രണ്ടാമത്തേത്. ആദ്യത്തെ വിഷയത്തിൽ 2014ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും രണ്ടാമത്തേതാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.