നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളൽ? ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ബംഗ്ലാദേശ് വിട്ടുനിൽക്കും

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരിക്കെ ന്യൂഡൽഹിയിൽ നടക്കുന്ന ബിംസ്റ്റെക് രാജ്യങ്ങളുടെ ആദ്യ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽനിന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വിട്ടുനിൽക്കും.  പകരം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മൻസൂർ മുർശദ് ചൗധരിയുടെ (ആഭ്യന്തര മന്ത്രാലയം സീനിയർ സെക്രട്ടറി) നേതൃത്വത്തിലുള്ള ഉന്നതതല സംഘമായിരിക്കും ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുക.

തിങ്കളാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ യോഗത്തിൽ അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയാണ് ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ പ്രധാന യോഗം നിശ്ചയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടൽ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക കൂട്ടായ്മയാണ് ബിംസ്റ്റെക്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ ഏഴ് രാജ്യങ്ങളാണ് ഇതിലുള്ളത്. 2025 ഏപ്രിലിൽ ബിംസ്റ്റെക്കിന്റെ അധ്യക്ഷസ്ഥാനം ബംഗ്ലാദേശ് ഏറ്റെടുത്തിരുന്നു.

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ബംഗാൾ ഉൾക്കടൽ മേഖലയിലുമുള്ള രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയാണ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന്റെ ലക്ഷ്യം. നിയമപാലനം, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറൽ, ഭീകരവാദം, രാജ്യാന്തര കുറ്റകൃത്യങ്ങൾ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഏകോപനം മെച്ചപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്യും.

സലാഹുദ്ദീൻ അഹമ്മദ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 2024 ആഗസ്റ്റിൽ ശൈഖ് ഹസീന സർക്കാറിനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലുണ്ടായ വിള്ളലിനിടെയാണ് മന്ത്രിയുടെ വിട്ടുനിൽക്കൽ. സർക്കാർ പുറത്തായതിനു പിന്നാലെ ഹസീന ഇന്ത്യയിലേക്ക് കടന്നിരുന്നു.

കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഔട്ട്റീച്ച് സമ്മേളനത്തിലും ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുത്തിരുന്നില്ല. ബിംസ്റ്റെക് അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യൻ സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.

ചൗധരിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സംഘത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സാർക്ക്, ബിംസ്റ്റെക് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷനൽ സെക്രട്ടറി എ.കെ.എം. ശാഹിദുൽ കരീം, ജോയന്റ് സെക്രട്ടറി റബേക്ക ഖാൻ എന്നിവരും ഉൾപ്പെടുമെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഭൂട്ടാൻ ആഭ്യന്തര മന്ത്രി, മ്യാൻമറിന്റെ ആഭ്യന്തരകാര്യ മന്ത്രി, നേപ്പാൾ ആഭ്യന്തര മന്ത്രി, ശ്രീലങ്കയുടെ പൊതുസുരക്ഷാ-പാർലമെന്ററികാര്യ മന്ത്രി, തായ്‌ലൻഡ് ദേശീയ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരും ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Bangladesh home minister to skip BIMSTEC meet in India amid strained ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.