സുപ്രീംകോടതി

കേരളത്തിൽ എസ്.ഐ.ആർ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. കേരളത്തിന് പ്രത്യേകമായി സമയപരിധി നീട്ടുന്നത് പരിഗണിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നിർദേശം നൽകി.

അതിനായുള്ള അപേക്ഷ ബുധനാഴ്ചതന്നെ കേരളം സമർപ്പിക്കണമെന്നും വെള്ളിയാഴ്ചക്കകം കമീഷൻ അതിൽ തീരുമാനം എടുക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഡിസംബർ 9,11 തീയതികളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഡിസംബർ 14ന് നടക്കുന്ന വോട്ടെണ്ണലും 1.76 ലക്ഷം സർക്കാർ ജീവനക്കാർ ആ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാണെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

98 ശതമാനത്തിലേറെ എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയായെന്നും 88 ശതമാനം അപേക്ഷകളുടെ അപ് ലോഡിങ് ബി.എൽ.ഒമാർ പൂർത്തിയാക്കിയെന്നും കമീഷൻ പറയുമ്പോഴും നല്ലൊരു വിഭാഗം വോട്ടർമാർക്കും എന്യൂമറേഷൻ ഫോം തിരിച്ചുകൊടുക്കാനായിട്ടില്ല എന്ന് ഹരജിക്കാരായ കേരള സർക്കാറിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും അഭിഭാഷകർ വാദിച്ചത് സുപ്രീംകോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ 1.76 ലക്ഷം ജീവനക്കാർക്ക് എന്യൂമറേഷൻ ഫോമുകൾ ഡിസംബർ 11നകം സമർപ്പിക്കാൻ സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

അതിനാൽ കേരള സർക്കാറും കക്ഷികളായ ഹരജിക്കാരും സമയപരിധി നീട്ടുന്നതിനുള്ള അപേക്ഷ ബുധനാഴ്ച അഞ്ച് മണിക്കകം സമർപ്പിക്കണം. കമീഷൻ അനുഭാവപൂർണമായി രണ്ടുദിവസത്തിനകം (വെള്ളിയാഴ്ചക്കകം) തീരുമാനമെടുക്കുകയും വേണം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്ന ഡിസംബർ 13നുമപ്പുറത്തേക്ക് ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടിയാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ജീവനക്കാർക്കും മതിയായ സമയം ലഭിക്കും.

കേരളത്തിലെ എസ്.ഐ.ആർ ഡ്യൂട്ടിക്ക് നിയുക്തരായ സർക്കാർ ജീവനക്കാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഫോമുകൾ പൂരിപ്പിച്ച് നൽകാനുള്ള തീയതി നാലിൽ നിന്ന് 11ലേക്ക് മാറ്റിയിട്ടുണ്ടെന്നും കമീഷൻ വാദിച്ചു. എന്നാൽ, സർക്കാർ ജീവനക്കാർ സംതൃപ്തരാകാമെങ്കിലും രാഷ്ട്രീയ പാർട്ടികൾ എതിർപ്പുയർത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് അമിതഭാരം ചുമക്കേണ്ടി വരരുതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാറിനുവേണ്ടി സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരും മുസ്‍ലിം ലീഗിന് വേണ്ടി ഹാരിസ് ബീരാനും സി.പി.എമ്മിനുവേണ്ടി മുതിർന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും അഡ്വ. ജി. പ്രകാശും ഹാജരായി.

Tags:    
News Summary - Supreme Court allows SIR to continue in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.