അലഹബാദ് ഹൈകോടതി വളപ്പിലെ പള്ളി നീക്കണമെന്ന വിധി ശരിവെച്ച് സുപ്രീംകോടതി; പകരം ഭൂമി ആവശ്യപ്പെടാം

ന്യൂഡൽഹി: അലഹബാദ് ഹൈകോടതി പരിസരത്തെ വഖഫ് മസ്ജിദ് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടുള്ള 2017ലെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസ് എം.ആർ. ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് ശരിവെച്ചത്. പള്ളിക്ക് വേണ്ടി മറ്റൊരു സ്ഥലം യു.പി സർക്കാറിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

ഹൈകോടതി വിധിക്കെതിരെ വഖഫ് മസ്ജിദും യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോർഡും നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. മൂന്ന് മാസത്തിനകം മസ്ജിദ് നീക്കണമെന്നും അല്ലെങ്കിൽ പൊളിച്ചുനീക്കാൻ അധികൃതർക്ക് അധികാരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മസ്ജിദ് നിലകൊള്ളുന്ന സ്ഥലത്തിന് പകരമായി മറ്റൊരു സ്ഥലം അനുവദിക്കാൻ യു.പി സർക്കാറിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഈ ആവശ്യം നിയമാനുസൃതം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി.


സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പാട്ടക്കരാര്‍ 2002-ല്‍ റദ്ദാക്കിയതായും ഈ ഭൂമി ഹൈക്കോടതിയുടെ വികസനത്തിന് കൈമാറിയതാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹൈക്കോടതി വളപ്പില്‍ അല്ലെന്നും ഹൈക്കോടതിക്ക് മുന്നിലെ റോഡിന് അപ്പുറത്ത് ആണെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.


ഭൂമിയുടെ കൈവശാവകാശം വഖഫ് ബോർഡിനില്ലെന്നായിരുന്നു 2017ലെ വിധിയിൽ ഹൈകോടതി ചൂണ്ടിക്കാട്ടിയത്. പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് ആദ്യം ചെറിയൊരു ഷെഡ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിന്നീട് വഖഫ് ബോർഡ് ഭൂമി ഏറ്റെടുത്ത് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ തന്നെ കൈവശാവകാശം വഖഫ് ബോർഡിനില്ലെന്നും കോടതി പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയവും കോടതിയുടെ അനുബന്ധ കെട്ടിടങ്ങളും നിർമിക്കുന്നതിനായി വഖഫ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി ആവശ്യമാണെന്ന് സർക്കാറും അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Supreme Court Affirms Order To Remove Mosque From Allahabad High Court Premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.