ന്യൂഡൽഹി: കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറും കഴിഞ്ഞയാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുവെന്നായിരുന്നു റിപ്പോർട്ട്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത് എന്നത് ശ്രദ്ധേയം. ബിഹാറിൽ ജൻസൂരജിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ പ്രകടനം എക്കാലത്തേതിലും താഴേക്കു പോവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ സാധ്യത തേടിയാണോ ഇരുനേതാക്കളും കണ്ടത് എന്ന അഭ്യൂഹമുയരുന്നുണ്ട്. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുകൂലമായ രീതിയിലായിരുന്നില്ല ഇരുനേതാക്കളുടെയും പ്രതികരണം.
താൻ ആരെ കണ്ടു, ആരെ കണ്ടില്ല എന്നതിൽ മറ്റാർക്കും വലിയ താൽപര്യമില്ല എന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. എന്നാൽ പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നായിരുന്നു പ്രശാന്ത് കിഷോർ പറഞ്ഞത്.
ബിഹാറിൽ ജൻസൂരജ് 238 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നിട്ടും ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. കോൺഗ്രസിന്റെ വിജയം 61സീറ്റുകളിലൊതുങ്ങി.
അഭിപ്രായ വ്യത്യാസങ്ങൾമൂലമാണ് വർഷങ്ങൾക്കു മുമ്പ് പ്രശാന്ത് കിഷോർ കോൺഗ്രസ് വിട്ടത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്ന കൂടിക്കാഴ്ചയാണോ ഇതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും കിഷോർ കോൺഗ്രസുമായി വിവിധ കാലങ്ങളിൽ ചേർന്നുനടന്നയാളാണ് കിഷോർ. ജെ.ഡി.യു 2021ൽ പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസിനെ ശാക്തീകരിക്കാനുള്ള പദ്ധതികളുമായി അദ്ദേഹം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമീപിച്ചിരുന്നു. 2022 ഏപ്രിലിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തന്റെ പദ്ധതികൾ പ്രശാന്ത് വിശദീകരിച്ചു.
കൂടിക്കാഴ്ചക്ക് പിന്നാലെ, ശിപാർശകൾ അവലോകനം ചെയ്യാൻ സോണിയ ഗാന്ധി ഒരുസമിതിയെയും നിയോഗിച്ചിരുന്നു. ഈ സമയം കോൺഗ്രസിൽ അംഗമാകാൻ പ്രശാന്ത് സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. 2022നു ശേഷം പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ നിശിത വിമർശകനായി മാറുന്നതാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.