ന്യൂഡൽഹി: ബലാത്സംഗ ഇരകളുടെ സ്വത്വം വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കവേ, മരിച്ചവർക്കും അന്തസ്സുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. ഇത്തരം കേസുകളിൽ ജീവിച്ചിരിക്കുന്ന ഇരകളുടെ (അവർ പ്രായപൂർത്തിയാകാത്തവരോ മനോവൈകല്യമുള്ളവരോ ആയാലും) സ്വത്വം വെളിപ്പെടുത്തരുതെന്നും അവർക്കും സ്വകാര്യത കാത്തുസൂക്ഷിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മരിച്ചവരുടെയും അന്തസ്സ് വകവെച്ച് കൊടുക്കണം. അവരുടെ പേര് പ്രസിദ്ധീകരിക്കുകയോ അപമാനിക്കുകയോ ചെയ്യരുത് -ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു.
മാതാപിതാക്കളുടെ അനുമതി ലഭിച്ചാൽപോലും എങ്ങനെയാണ് പ്രായപൂർത്തിയാകാത്ത ഇരകളുടെ പേര് വെളിപ്പെടുത്താനാവുകയെന്ന് ബെഞ്ച് ആരാഞ്ഞു. പ്രായപൂർത്തിയാകാത്തവർ പിന്നീട് പ്രായപൂർത്തിയെത്തില്ലേ? അപ്പോൾ ഇൗ കളങ്കവും പേറി എങ്ങനെയാണ് അവർക്ക് ജീവിക്കാനാവുക -കോടതി ചോദിച്ചു.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 228-എ വകുപ്പ് പ്രകാരം വിഷയം പരിഗണിക്കണമെന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചു. സെക്ഷൻ 228-എയിൽ വ്യക്തത വരുത്തണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ സമ്പൂർണമായി നിരോധിക്കാൻ കഴിയില്ലെന്ന് ഇന്ദിര വാദിച്ചു. ഇരയുടെ അവകാശവും മാധ്യമ സ്വാതന്ത്ര്യവും വകവെച്ചുകൊണ്ടുള്ള സമീപനമാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
കഠ്വ ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിൽ ഉന്നയിച്ചതെങ്കിലും ആ പേര് പരാമർശിക്കാതെ സമീപകാല സംഭവം എന്ന നിലക്കാണ് അവതരിപ്പിച്ചത്. വിഷയം 228ാം വകുപ്പ് അനുസരിച്ച് പരിശോധിക്കണമെന്ന് പറഞ്ഞ കോടതി, നിർദേശം സമർപ്പിക്കാൻ സമയം വേണമെന്ന കേന്ദ്ര സർക്കാർ അഭിഭാഷകെൻറ പ്രതികരണത്തെ തുടർന്ന് മേയ് എട്ടിന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.