മംഗളൂരു: ബാജ്‌പെയിൽ കൊല്ലപ്പെട്ട മുൻ ബജ്റങ്ദൾ പ്രവർത്തകനും കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയുമായ സുഹാസ് ഷെട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ജന്മനാടായ ബണ്ട്വാൾ പുലിമജലുവിൽ സംസ്കരിച്ചു. രാഷ്ട്രീയക്കാർ നമ്മുടെ കുട്ടികളെ അവരുടെ താല്പര്യങ്ങൾക്ക് ചൂഷണം ചെയ്യുകയാണെന്ന് സുഹാസിന്റെ പിതാവ് മോഹൻ ഷെട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഈ ചിത എരിഞ്ഞടങ്ങും. ഇവിടെ കൂടിയവർ പിരിഞ്ഞു പോവും. എന്നാൽ അക്രമത്തിൽ കുട്ടികൾ നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ തീ അണയുമോ? രാഷ്ട്രീയക്കാർ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തിൽ നമ്മുടെ കൺമുന്നിൽ നമ്മുടെ കുട്ടികൾ മരിക്കുമ്പോൾ നമുക്ക് അത് എങ്ങനെ സഹിക്കാൻ കഴിയും?’ -കണ്ണീരോടെ അദ്ദേഹം ചോദിച്ചു.
‘കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്കളങ്കരായ കുട്ടികൾ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോൾ നമുക്ക് എന്താണ് ലഭിച്ചത്? നമുക്ക് നമ്മുടെ മകനെ നഷ്ടപ്പെട്ടു. നമുക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മൾ. ജീവന് ഭീഷണിയുണ്ടെന്ന് മകൻ പലതവണ പറഞ്ഞിരുന്നു. രാത്രി വേഗം വീട്ടിലെത്തണമെന്ന് അവനോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിന്റെ പക്ഷപാതം മൂലമാണ് മകന് ജീവൻ നഷ്ടപ്പെട്ടത്’ -അദ്ദേഹം കൂട്ടിച്ചേർത്തു. മകൻ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്ന് മാതാവ് സുലോചന പറഞ്ഞു. മകന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സുഹാസ് ഷെട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബണ്ട്വാളിലെ ബി.സി റോഡിൽ നിരവധി പേർ തടിച്ചുകൂടി. ബണ്ട്വാൾ എം.എൽ.എ രാജേഷ് നായിക്, ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ച, ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ട് തുടങ്ങിയവർ മംഗളൂരു എ.ജെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ആംബുലൻസിൽ മൃതദേഹം വഹിച്ച് നടത്തിയ വിലാപയാത്രയെ വാഹനങ്ങളിൽ അനുഗമിച്ചു.
ഐ.ജി അമിത് സിങ്, എസ്.പി യതീഷ് എൻ, ടൗൺ പൊലീസ് ഇൻസ്പെക്ടർ അനന്തപത്മനാഭ, എസ്.ഐ രാമകൃഷ്ണ എന്നിവർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ബണ്ട്വാളിൽ നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.