'എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല'; ബജ്‌റംഗ് ദാസ് മുനിക്കെതിരെ ശശി തരൂർ

ന്യൂഡൽഹി: മുസ്‍ലിം സ്ത്രീകളെ ഹിന്ദു യുവാക്കൾ ബലാത്സംഗം ചെയ്യണമെന്നും അവർ ലവ-കുശൻമാരെ പ്രസവിക്കണമെന്നും ആഹ്വാനം ​ചെയ്ത സന്യാസി ബജ്‌റംഗ് ദാസ് മുനിക്കെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ലെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

'ഒരു ഹിന്ദു എന്ന നിലയിൽ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോട് പറയാൻ കഴിയും, നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല.

ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാർ ഹിന്ദുക്കൾക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്' -ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

യു.പിയിലെ സീതാപൂർ ജില്ലയിലെ ഖൈരാബാദിലുള്ള മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്‌റംഗ് ദാസ് മുനി. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. യു.പിയിലെ സീതാപൂർ, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുനിക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിദ്വേഷ പ്രസ്താവനകൾ നടത്തുകയും മുസ്‍ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്യുന്ന വ്യാഴാഴ്ചത്തെ വീഡിയോയെ തുടർന്ന് യു.പി പൊലീസ് മുനിക്കെതിരെ സെക്ഷൻ 298 പ്രകാരം എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. 354 (ലൈംഗിക പീഡനം, ലൈംഗിക പരാമർശങ്ങൾ), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കോ ആംഗ്യമോ പ്രവൃത്തിയോ) എന്നിവ ഉൾപ്പെടുത്തിയാണ് കേസ്. എന്നാൽ, ഇനിയും ഇയാളെ പിടികൂടിയിട്ടില്ല.

Tags:    
News Summary - ‘Such thugs do not represent my religion’; Shashi Tharoor against Bajrang Das Muni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.