ട്രെയിൻ ചാർജ് ഈടാക്കുന്നത് നാണക്കേട്; മോദിയെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികളിൽ നിന്ന് ട്രെയിൻ ചാർജ് ഈടാക്കിയ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. 'സ്വന്തം വീട്ടിലെത്താൻ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം  ക്രൂരതയാണ്!' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

'വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ എയർ ഇന്ത്യയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്. തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കുന്ന ചെലവ് വഹിക്കാൻ റെയിൽവെ തയാറല്ലെങ്കിൽ പ്രധാനമന്ത്രി  തയാറാകണമായിരുന്നു' എന്നും സ്വാമി ട്വിറ്ററിലെ കുറിപ്പിൽ പറഞ്ഞു. 

റെയിൽ മന്ത്രി പിയൂഷ് ഗോയലിന്‍റെ ഓഫിസുമായി ബന്ധപ്പെട്ടതിന് ശേഷം വിഷയത്തിൽ റെയിൽവെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതായി പിന്നീട് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. ടിക്കറ്റിന്‍റെ 85 ശതമാനം കേന്ദ്രസർക്കാരും 15 ശതമാനം സംസ്ഥാന സർക്കാരും വഹിച്ചാൽ തൊഴിലാളികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു എന്നാണ് റെയിൽവെയുടെ വിശദീകരണം. 

തൊഴിലാളികളുടെ പക്കൽ നിന്ന് പണം ഈടാക്കുകയും അതേസമയം 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്ന റെയിൽവെയെ പരിഹസിച്ചുകൊണ്ട് നേരത്തേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കുന്നില്ലെന്ന് റെയിൽവെ വക്താവ് അറിയിച്ചു. ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവെ അനുവദിച്ചിട്ടുണ്ട്. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാറുകൾക്ക് വഹിക്കാവുന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഈ മാതൃക പിന്തുടരണമെന്നും വക്താവ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി അന്തർ സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് തുക പാർട്ടി വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Subramanian Swamy slams Modi govt, says how moronic to charg Read more at: https://mumbaimirror.indiatimes.com/coronavirus/news/subramanian-swamy-slams-modi-govt-says-how-moronic-to-charge-rail-fares-from-migrants/articleshow/75528399.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.