ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നിർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.
മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്.
ഈ മാസാദ്യം പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. സാമ്പത്തിക രംഗത്ത് സമഗ്ര വളർച്ചയാണ് മോദി ലക്ഷ്യമിടുന്നതെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയുടെ കസ്റ്റംസ് തീരുവ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരിക്കെ ഇൻഷുറൻസിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി നീക്കം ചെയ്യുന്നതിനും ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുമുള്ള നിർദേശങ്ങൾ പാർലമെന്റ് അംഗീകരിച്ചു.
സമീപ മാസങ്ങളിൽ, മോദി സർക്കാർ സങ്കീർണമായ ചരക്ക് സേവന നികുതി വ്യവസ്ഥ വെട്ടിക്കുറയ്ക്കുകയും പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.