ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായി ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി. മോദിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാർഗദർശൻ മണ്ഡലത്തിൽ താമസിപ്പിക്കണോ എന്ന് ആർ.എസ്.എസും ബി.ജെ.പി ജനറൽ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
മോദിയുടെയും ബി.ജെ.പി സർക്കാറിന്റെയും നിശിത വിമർശകനാണ് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യൻ സ്വാമി. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയായ അദ്ദേഹം പലപ്പോഴും കേന്ദ്രസർക്കാറിനും മുതിർന്ന ബി.ജെ.പി നേതാക്കൾക്കുമെതിരെ തന്റെ എക്സ് അക്കൗണ്ടിലൂടെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഡൽഹി ഐ.ഐ.ടി പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്‍കാരങ്ങൾക്കെതിരെയും സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നിർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ബൈഡൻ ഭരണകൂടം
മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് എതിരെയും രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.