ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് മുസ്ലിംവിരുദ്ധത വർധിച്ചതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) പഠന റിപ്പോർട്ട്. ഒരാളെ കൊല്ലുന്നതടക്കം ഒട്ടേറെ മുസ്ലിംവിരുദ്ധ സംഭവങ്ങളാണ് രാജ്യത്തിന്റെ പലയിടത്തായി വാർത്തയായത്.
മുസ്ലിം ആയതിന്റെ പേരിൽ ആക്രമണവും അപമാനിക്കലും നേരിടേണ്ടി വന്നവരുടെ എണ്ണം ചെറുതല്ല. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ക്ഷത്രിയ ഗോ രക്ഷ ദൾ അംഗം ഒരു മുസ്ലിമിനെ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയിൽ പങ്കെടുക്കാത്തതിനും ഗായത്രി മന്ത്രം ചൊല്ലാതിരുന്നതിനും മുസ്ലിം ജീവനക്കാരൻ സഹപ്രവർത്തകരിൽനിന്ന് അപമാനം നേരിട്ടത് ബംഗളൂരുവിലാണ്.
കശ്മീരി വിദ്യാർഥിനികളെ തദ്ദേശവാസികൾ ആക്രമിച്ചതും വാടകവീട്ടിൽ കടന്ന് ദുരുപയോഗം ചെയ്തതും തീവ്രവാദികൾ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതും ചണ്ഡിഗഢിലാണ്. കാർ ഡ്രൈവർ കശ്മീരി യുവതിയെ ആക്രമിച്ച സംഭവം അരങ്ങേറിയതും ചണ്ഡിഗഢിൽതന്നെ. കശ്മീരി വിദ്യാർഥികളെ ഹോസ്റ്റലിൽ കയറി ആക്രമിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ കാഴ്ചക്കാരായ സംഭവം അരങ്ങേറിയതും ചണ്ഡിഗഢിലെ യൂനിവേഴ്സൽ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലാണ്. ഹിമാചലിലെ കാൻഗ്രയിലും നടന്നു സമാനമായ സംഭവം. കശ്മീരി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ മുറി തകർക്കുകയാണ് ഇവിടെ ചെയ്തത്.
ഹരിയാനയിലെ അമ്പാലയിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ മുസ്ലിം വ്യാപാരിയുടെ കടയും ഉന്തുവണ്ടിയും ആക്രമണത്തിന് ഇരയാക്കി. ഭീഷണിപ്പെടുത്തലും അപമാനിക്കലും ശകാരിക്കലും എല്ലാം ഇതിനു മുന്നോടിയായി നടന്നു. ഹരിയാനയിൽതന്നെ പഹൽഗാമിന്റെ പേരിൽ രണ്ട് മുസ്ലിം വ്യാപാരികൾ ആക്രമണത്തിന് ഇരയായി. കൊൽക്കത്തയിൽ മുസ്ലിം സ്ത്രീയെ ചികിത്സിക്കാൻ വിസമ്മതിച്ചാണ് ഹിന്ദു ഡോക്ടർ രാജ്യസ്നേഹം പ്രകടിപ്പിച്ചത്. കസ്തൂരിദാസ് മെമ്മോറിയൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടറായിരുന്നു അത്. ക്ഷേത്രനിർമാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് മുസ്ലിം ചെറുപ്പക്കാരെ ഈ സംഭവത്തിന്റെ പേരിൽ അവിടെനിന്ന് പുറത്താക്കി. ഇതു നടന്നത് ഉത്തർപ്രദേശിലെ ഹാഥറസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.