കൊൽക്കത്തയിലെ ജനകീയ പ്രക്ഷോഭം
കൊൽക്കത്ത: ഡൽഹി ജന്തർമന്തറിലെ പൊലീസ് അതിക്രമങ്ങൾക്കും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഗുരുതര പ്രതിസന്ധികൾക്കുമെതിരെ കൊൽക്കത്തയിൽ വൻ ജനകീയ പ്രക്ഷോഭം. സീൽദാഹിൽ നിന്ന് ആരംഭിച്ച് ധർമ്മതലയിൽ സമാപിച്ച മാർച്ചിൽ വിദ്യാർഥികൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അണിനിരന്നു. നഗരം കണ്ട ഏറ്റവും വലിയ യുവജന മുന്നേറ്റങ്ങളിലൊന്നായാണ് മാർച്ചും പ്രതിഷേധവും വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പിരിച്ചുവിടുക, ഡൽഹിയിൽ വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമത്തിൽ നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടതു വിദ്യാർത്ഥി സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രതിഷേധമായി ചുരുങ്ങിയില്ല മറിച്ച് സമൂഹം മുഴുവൻ ഏറ്റെടുത്ത ഒരു വലിയ ജനകീയ മുന്നേറ്റമായി അത് മാറി.
പ്രതിഷേധ പ്രകടനത്തിനിടയിൽ "ആസാദി" മുദ്രാവാക്യങ്ങൾ മുഴക്കരുതെന്ന നിർദ്ദേശങ്ങളെ മറികടന്ന് വിദ്യാർഥികൾ തെരുവിൽ ആസാദി വിളികൾ മുഴക്കി. ഭരണഘടന ഉറപ്പുനൽകുന്ന വിയോജിക്കാനുള്ള അവകാശത്തെ പിന്തുണച്ചും തടവിലാക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി. പ്രമുഖ കവി രബീന്ദ്രനാഥ ടാഗോറിന്റെ വരികളും ദേശഭക്തി ഗാനങ്ങളും മുദ്രാവാക്യങ്ങളും റാലിക്ക് ആവേശമായി. തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
യുവജനങ്ങളുടെ തനതായ ശൈലിയിലുള്ള പ്ലക്കാർഡുകളും ആക്ഷേപഹാസ്യ പോസ്റ്ററുകളും റാലിയുടെ പ്രധാന ആകർഷണമായിരുന്നു. നവമാധ്യമങ്ങളിലെ ട്രെൻഡുകളും മീമുകളും ഉപയോഗിച്ചുകൊണ്ടുള്ള നൂതനമായ പ്രതിഷേധ രീതികൾ ജനശ്രദ്ധ ആകർഷിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം ഒന്നടങ്കം തെരുവിൽ ഇറങ്ങുന്നതിന്റെ വലിയ സൂചകമാണ് കൊൽക്കത്തയിലെ പ്രതിഷേധമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.