ഐ.ഐ.ടി കാൺപൂർ
കാൺപൂർ: പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഐഐടി-കാൺപൂർ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർഥിക്കെതിരെ നിയമനടപടികൾക്ക് പകരം ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്ത് മാതൃകയായി അധികൃതർ. എന്നാൽ കഴിവ് തെളിയിക്കാനായി സ്ഥാപനങ്ങളുടെ സിസ്റ്റങ്ങൾ അനധികൃതമായി കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐഐടി-കാൺപൂർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്, എനിക്കൊരു അവസരം മാത്രമാണ് വേണ്ടത്" എന്ന സന്ദേശമാണ് വിദ്യാർഥി വെബ്‌സൈറ്റിൽ കുറിച്ചിരുന്നത്.
ബിടെക് സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥി സൈബർ ആക്രമണം നടത്തിയത്. തുടർന്ന് ഹാക്ക് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകൾ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വെബ്‌സൈറ്റിന് കേടുപാടുകൾ വരുത്തുകയല്ല, മറിച്ച് തന്റെ സൈബർ സുരക്ഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് വിദ്യാർഥി അവകാശപ്പെട്ടു.
പ്രവേശന നടപടികൾ ഇതിനകം പൂർത്തിയായതിനാൽ നിയമപരമായ കാരണങ്ങളാൽ നിലവിൽ വിദ്യാർഥിക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് ഐഐടി-കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ വ്യക്തമാക്കി. എങ്കിലും വിദ്യാർഥിയുടെ ഭാവി തടസ്സപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള സി3ഐഹബ്ബ് (C3iHub) റിസർച്ച് സെന്ററിൽ ഇന്റേൺഷിപ്പ് നൽകുന്ന കാര്യം പരിഗണിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വർഷം വിദ്യാർഥിക്ക് വീണ്ടും പ്രവേശനത്തിനായി അപേക്ഷിക്കുകയും ചെയ്യാം.
ഹാക്കത്തോളുകൾ ഉൾപ്പെടെയുള്ള നിരവധി അവസരങ്ങൾ പ്രവേശന പ്രക്രിയയുടെ ഭാഗമായി നൽകിയിരുന്നുവെന്നും, എന്നാൽ ആ ഘട്ടത്തിൽ വിദ്യാർഥിക്ക് തന്റെ കഴിവുകൾ പൂർണ്ണമായി തെളിയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. തുടക്കത്തിൽ പൊലീസ് കേസെടുക്കാൻ ആലോചിച്ചിരുന്നെങ്കിലും, ഭാവി മുൻനിർത്തി മാനുഷിക പരിഗണന നൽകാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. നിയമപരമായ രീതിയിലൂടെ മാത്രം കരിയർ കെട്ടിപ്പടുക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് ഡയറക്ടർ ഓർമ്മിപ്പിച്ചു.
അതേസമയം, സൈബർ സുരക്ഷാ രംഗത്ത് താൽപ്പര്യമുള്ള മിടുക്കരായ വിദ്യാർഥികൾക്ക് സി3ഐഹബ്ബിൽ ഇന്റേൺഷിപ്പ്, തൊഴിൽ അവസരങ്ങൾക്കായി സിവിഅയക്കാമെന്നും ഐഐടി-കാൺപൂർ അറിയിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികളെ അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും, എന്നാൽ ഔദ്യോഗികവും നിയമപരമായ മാർഗ്ഗങ്ങൾ മാത്രമായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.