‘ജനങ്ങളും സംസ്കാരവും ബി.ജെ.പി-ആർ.എസ്.എസ് ആക്രമണം നേരിടുകയാണ്’; കൊലയും അക്രമവും നിർത്തി ലഡാക് ചോദിച്ചത് കൊടുക്കൂവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലഡാക് പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലഡാക്കുകാർ സ്വന്തം ശബ്ദം കേൾക്കണമെന്ന് പറഞ്ഞതിന് നാല് ചെറുപ്പക്കാരെ കൊലപ്പെടുത്തിയും സോനം വാങ്ചുകിനെ ജയിലിലടച്ചുമാണ് ബി.ജെ.പി പ്രതികരിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ലഡാക്കിലെ അതിശയിപ്പിക്കുന്ന ജനങ്ങളും സംസ്കാരവും പാരമ്പര്യവും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊലയും അക്രമവും ഭയപ്പെടുത്തലും നിർത്തി ലഡാക് ചോദിച്ച ഭരണഘടനയുടെ ആറാം പട്ടികയുടെ സംരക്ഷണം നൽകാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, സോനം വാങ്ചുക് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ലഡാക്കിൽ കനത്ത പ്രതിഷേധമുയരുകയാണ്. കുറ്റക്കാരല്ലാത്തവരെ ​വേട്ടയാടുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. കേന്ദ്രത്തി​ന്റെ പ്രതികാര നടപടിക്കെതിരെ ലഡാക്കിലെ വിവിധ സംഘടനകളും കൂട്ടായ്മകളും ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതിനിടെ, പാകിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഡാക്കിലെ സമരം നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുകിനെതിരെ അന്വേഷണം നടത്തുമെന്ന് ലഡാക്ക് പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന അക്രമത്തിന് പിന്നിലെ പ്രധാന വ്യക്തി വാങ്ചുക്കാണെന്ന് ലഡാക്ക് പൊലീസ് ഡയറക്ടർ ജനറൽ എസ്.ഡി. സിങ് ജംവാൾ പറഞ്ഞു.

വാങ്ചുക്കിനെതിരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പ്രക്രിയ പുരോഗമിക്കുകയാണെന്നും ജംവാൾ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രൊഫൈലും ചരിത്രവും എല്ലാം യൂ ട്യൂബിൽ ലഭ്യമാണ്. അറബ് വസന്തത്തെക്കുറിച്ചും നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സമീപകാല അശാന്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചത് അക്രമത്തിന് പ്രേരണയായെന്നും ജംവാൾ അവകാശപ്പെട്ടു.

വാങ്‌ചുക്ക് വേദി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതായും കേന്ദ്ര-ലഡാക്ക് പ്രതിനിധികൾ തമ്മിലുള്ള സംഭാഷണം തടസപ്പെടുത്താൻ ശ്രമിച്ചതായും ജംവാൾ ആരോപിച്ചു. സെപ്റ്റംബർ 25ന് ഇരുവിഭാഗവും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച നടക്കുമെന്ന് അറിഞ്ഞിട്ടും വാങ്ചുക്ക് നിരാഹാര സമരം തുടർന്നു. ഒക്ടോബർ 6ന് പുതിയ ചർച്ചകൾക്കായി കേന്ദ്രം നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരിൽ അര ഡസനോളം പേരെങ്കിലും സംഘത്തലവന്മാരാണെന്ന് സംശയിക്കുന്നുവെന്നും ജംവാൾ കൂട്ടിച്ചേർത്തു.

ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്ന് സംസ്ഥാന പദവിക്കും കേന്ദ്രഭരണ പ്രദേശത്തേക്ക് ആറാം ഷെഡ്യൂൾ നീട്ടുന്നതിനും വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ പ്രധാന മുഖമാണ് വാങ്‌ചുക്ക്. തനിക്കെതിരായ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച വാങ്‌ചുക്ക് ല​ഡാ​ക്കി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

വെള്ളിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത വാങ്ചുക്ക് രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിലാണ്. ലഡാക്ക് പ്രക്ഷോഭത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Stop killing and violence and give Ladakh what it asks for says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.