മുംബൈ: ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന നിരവധി പൊതുമേഖല കമ്പനികളുടെ ഓഹരികൾ കൂട്ടമായി വിൽക്കാൻ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാർ. എൽ.ഐ.സി, വൈദ്യുതി ഉത്പാദന കമ്പനിയായ എസ്.ജെ.വി.എൻ, ജനറൽ ഇൻഷൂറൻസ് കോർപറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, കപ്പൽ നിർമാണ കമ്പനിയായ മസഗോൺ ഡോക് തുടങ്ങിയവയുടെ ഓഹരികളാണ് വൻതോതിൽ വിൽക്കാൻ ഒരുങ്ങുന്നത്. ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ ചുരുങ്ങിയത് 25 ശതമാനമെങ്കിലും പൊതുഓഹരി ഉടമകൾക്ക് പങ്കാളിത്തം (പബ്ലിക് ഷെയർഹോൾഡിങ്) വേണമെന്ന നിബന്ധന പാലിക്കുന്നതിന് വേണ്ടിയാണ് നീക്കം. ചെറുകിട നിക്ഷേപകർ, മ്യൂച്ച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, ബാങ്ക്, ഇൻഷൂറൻസ് തുടങ്ങിയവർ അടങ്ങുന്നതാണ് പൊതുഓഹരി ഉടമകൾ.
പൊതുമേഖല കമ്പനികളിൽ പലതിലും പൊതുഓഹരി ഉടമകളുടെ പങ്കാളിത്തം നിയമപ്രകാരമല്ലെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ 19 പൊതുമേഖല സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പൊതുഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ കുറവാണ്. എൽ.ഐ.സിയിലെ പൊതുഓഹരി പങ്കാളിത്തം വെറും 3.5 ശതമാനമാണ്. എസ്.ജെ.വി.എന്നിൽ 18.15 ശതമാനവും ജനറൽ ഇൻഷൂറൻസ് കോർപറേഷനിൽ 17.6 ശതമാനവും മസഗോൺ ഡോകിൽ 18.78 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഈ കമ്പനികളുടെ കൂടുതൽ ഓഹരികൾ വിൽക്കുന്നതിലൂടെ 1.5 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിന് സമാഹരിക്കാൻ കഴിയുമെന്നാണ് സൂചന.
വിപണിയിലെ മോശം സാഹചര്യം മാറിയാൽ എൽ.ഐ.സിയിലെ ഓഹരി വിൽക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഈയിടെ ഫിനാൻഷ്യൽ സർവിസസ് സെക്രട്ടറി എം. നാഗരാജു പറഞ്ഞിരുന്നു. ഏറ്റവും കുറഞ്ഞത് 10 ശതമാനം പൊതുഓഹരി പങ്കാളിത്തമെന്ന ചട്ടം പാലിക്കാൻ അടുത്ത വർഷം മേയ് 16വരെയാണ് സെബി സമയപരിധി നൽകിയിരിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ പൊതുഓഹരി പങ്കാളിത്തം ചുരുങ്ങിയത് 10 ശതമാനമെങ്കിലുമാകണമെന്നാണ് ചട്ടം. 2022 മേയിലാണ് എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മൂന്ന് വർഷം കഴിഞ്ഞിട്ടും പൊതുഓഹരി പങ്കാളിത്തം 3.5 ശതമാനമായി തുടരുന്നത് ഓഹരി വ്യാപാര ചട്ടങ്ങളുടെ ലംഘനമാണ്.
ഇതിനെല്ലാം പുറമെ, നിരവധി സുപ്രധാന പൊതുസ്ഥാപനങ്ങളെ ഓഹരി വിപണിൽ ലിസ്റ്റ് ചെയ്യാനും സർക്കാർ ആലോചിക്കുന്നുണ്ട്. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ, ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) യാണ് സർക്കാർ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.