'കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം'; സ്റ്റീവ് ജോബ്സിന്റെ കത്ത് ലേലത്തിൽ വിറ്റത് 4.32 കോടി രൂപക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ കുംഭമേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് ലേലത്തിൽ വിറ്റുപോയത് 4.32 കോടി രൂപക്ക്.

1974ൽ സ്റ്റീവ് ജോബ്സിന്റെ 19-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് കത്ത് പോസ്റ്റ്മാർക്ക് ചെയ്തത്. ഓക്ഷൻ ഹൗസായ ബോൺഹാംസാണ് 500,312 ഡോളറിന് (4.32 കോടി രൂപ) ലേലത്തിൽ വിറ്റത്.

ബാല്യകാല സുഹൃത്തായ ടിം ബ്രൗണിനെ അഭിസംബോധന ചെയ്ത 50 വർഷം മുൻപ് എഴുതിയ കത്തിൽ സെൻ ബുദ്ധമതത്തെ കുറിച്ച് വിശദമായി പറയുകയും കുംഭമേളക്കായി ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

"ഏപ്രിലിൽ ആരംഭിക്കുന്ന കുംഭമേളക്കായി ഇന്ത്യയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മാർച്ചിൽ എപ്പോഴെങ്കിലും പോകും, ​​ഇതുവരെ ഉറപ്പില്ല." എന്നാണ് കത്തിൽ പറയുന്നത്. 'ശാന്തി, സ്റ്റീവ് ജോബ്സ്' എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. 

അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് 2025 ലെ മഹാ കുംഭമേളക്കായി ഇപ്പോൾ ഇന്ത്യയിലാണ്. കമല എന്ന പേരിലാണ് ലോറിൻ പവൽ‌ അറിയപ്പെടുന്നത്.


ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാനായിരുന്നു സ്റ്റീവ് ജോബ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നൈനിറ്റാളിലെത്തിയപ്പോള്‍ നീം കരോളി ബാബ ഒരു വര്‍ഷം മുമ്പ് മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. തുടര്‍ന്ന് കൈഞ്ചി ധാമിലെ ആശ്രമത്തില്‍ ഏഴ് മാസത്തോളം സ്റ്റീവ് ജോബ്സ് ചെലവഴിച്ചു. 

യു.എസിൽ തിരിച്ചെത്തിയപ്പോള്‍ തന്നെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞില്ലെന്ന് സ്റ്റീവ് ജോബ്സ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'തല മുണ്ഡനം ചെയ്ത് കോട്ടണ്‍ മേലങ്കിയാണ് ഞാന്‍ ധരിച്ചിരുന്നത്. വെയിലുകൊണ്ട് എന്റെ തൊലിയുടെ നിറമെല്ലാം മാറിയിരുന്നു. ഒരു ബുദ്ധ സന്യാസിയില്‍നിന്ന് വാങ്ങിയ ഒരു ഓറഞ്ച് മേലങ്കിയും ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു,' സ്റ്റീവ് ജോബ്സ് അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോൾ, സ്റ്റീവിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, മഹാ കുംഭമേളയിൽ പങ്കെടുത്താണ് സ്റ്റീവിന്റെ ആഗ്രഹം നിറവേറ്റുന്നത്. തൻ്റെ ഗുരു സ്വാമി കൈലാസാനന്ദ ഗിരി "കമല" എന്ന് ഹിന്ദു നാമം നൽകിയ ലോറീൻ 40 അംഗ സംഘത്തോടൊപ്പമാണ് പ്രയാഗ്‌രാജിൽ എത്തിയത്. 

Tags:    
News Summary - Steve Jobs' Letter On Kumbh Mela Plan Sells For Rs 4.32 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.