ന്യൂഡല്‍ഹി: ഹൈകോടതി സിറ്റിങ് ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ കേൾക്കാൻ അധികാരമുണ്ടെന്ന ലോക്പാൽ ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തു. അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതും ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്ന ഏറെ പ്രാധാന്യമുള്ള വിഷയവുമാണിതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, സൂര്യകാന്ത്, എ.എസ്. ഓക്ക എന്നിവരടങ്ങുന്ന ബെഞ്ച് മറുപടി നൽകാൻ ലോക്പാൽ രജിസ്ട്രാർക്കും കേന്ദ്ര സർക്കാറിനും നോട്ടീസയച്ചു.
ഹൈകോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ക്കെതിരായ പരാതി ലോക്പാല്‍ പരിഗണിച്ച് വാദം കേട്ടുതുടങ്ങിയതിനെ തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് ഉത്തരവ് സ്റ്റേ ചെയ്തത്. ആരോപണ വിധേയനായ ഹൈകോടതി ജഡ്ജിയുടെ പേരും പരാതിയും രഹസ്യമാക്കി വെക്കണമെന്ന് പരാതിക്കാരന് സുപ്രീം കോടതി നിർദേശം നൽകി. കേസ് വീണ്ടും പരിഗണിക്കാനായി മാർച്ച് 18ലേക്ക് മാറ്റി.
അസ്വസ്ഥപ്പെടുത്തുന്ന ഉത്തരവാണ് ലോക്പാലിന്റേതെന്ന് വ്യക്തമാക്കിയ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ കേസിൽ കോടതിയെ സഹായിക്കാൻ സന്നദ്ധരാണെന്ന് കപിൽ സിബലും ബി.എച്ച്. മർലാപള്ളെയും അറിയിച്ചു.
2013ലെ ലോക്പാൽ-ലോകായുക്ത നിയമത്തിലെ ‘പൊതു പ്രവർത്തകന്റെ’ പരിധിയിൽ ഹൈകോടതി ജഡ്ജിയും ഉൾപ്പെടുമെന്നായിരുന്നു ജനുവരി 27ലെ ലോക്പാൽ ഉത്തരവ്. എന്നാൽ, സുപ്രീം കോടതി സ്വമേധയാ കേസെടുത്തതോടെ റിട്ട. ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ലോക്പാൽ ഫുൾ ബെഞ്ചിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. ഹൈകോടതി ജഡ്ജിമാർ ഒരിക്കലും ലോക്പാലിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. ഓരോ ജഡ്ജി തന്നെയും ഹൈകോടതിയാണെന്നും അദ്ദേഹം തുടർന്നു.
അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ച ഹൈകോടതി ജഡ്ജിക്കെതിരെ വന്ന പരാതികൾ പരിഗണിക്കേയാണ് ഹൈകോടതി ജഡ്ജി ലോക്പാലിന്റെ പരിധിയിൽ വരുമെന്ന റൂളിങ് ഉണ്ടായത്. എന്നിരുന്നാലും വിഷയത്തിൽ മാർഗനിർദേശം ലഭിക്കാനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാനും തുടർനടപടിക്കായി അതുവരെ കാത്തിരിക്കാനും ഖൻവിൽകർ അധ്യക്ഷനായ ലോക്പാൽ തീരുമാനിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമറിയാനായി ഹൈകോടതി ജഡ്ജിക്കെതിരെ തങ്ങൾക്ക് മുന്നിൽവന്ന രണ്ട് പരാതികൾ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് ലോക്പാൽ. ഇതിനിടയിലാണ് സുപ്രീം കോടതിയുടെ സ്റ്റേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.