ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ കേന്ദ്രസർക്കാറിന് നാല് കത്തുകളയച്ചു. പാക് ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർത്താസ ജലശക്തി മന്ത്രാലയത്തിന് അയച്ച കത്തുകൾ വിദേശകാര്യ മന്ത്രാലയത്തിന് ഫോർവേഡ് ചെയ്തെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കടുത്ത ജല പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തുടർച്ചയായി കത്തയക്കുന്നത്.
എന്നാൽ കരാർ റദ്ദാക്കിയ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പലപ്പോഴായി ഇന്ത്യ നൽകിയത്. ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനുമായി മറ്റ് ചർച്ചകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി മോദി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരാക്രമണം തടയാനുള്ള ശക്തമായ നടപടി പാകിസ്താൻ സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനി ചർച്ചയുണ്ടാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
ഓപറേഷൻ സിന്ധൂറിനു പിന്നാലെ ഇന്ത്യയുമായി സമാധാന ചർച്ചക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് അറിയിച്ചിരുന്നു. സിന്ധുനദി പാകിസ്താന്‍റെ ജീവരേഖയാണെന്നും നീരൊഴുക്ക് കുറഞ്ഞാൽ പാക് ജനതക്ക് കൃഷി നടത്താനാകാതെ പട്ടിണി മരണം സംഭവിക്കുമെന്നും പ്രതിപക്ഷ കക്ഷികൾ പാകിസ്താൻ പാർലമെന്‍റിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിന്ധു നദീവ്യവസ്ഥയിലെ ആറ് നദികളിലെ ജലത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ 1960ൽ ഒപ്പുവെച്ച കരാറാണ് ഇന്ത്യ റദ്ദാക്കിയത്.
നേരത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖാരിഫ് (വേനൽക്കാല കൃഷി) വിളയിറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെ സിന്ധുനദീ തടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നതായി റിപ്പോർട്ട് വന്നിരുന്നു. സുന്ധുനദിയിലെ തർബേല, ഝലം നദിയിലെ മംഗള അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാലത്തിൽ ഇന്ത്യ നദീജലം തടഞ്ഞതോടെ ചെനാബിലെ നീരൊഴുക്കും വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.