ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ധനകാര്യനയങ്ങളെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. 2047ഓടെ വികസിത ഭാരതമെന്ന സ്വപ്നം ലക്ഷ്യം കാണണമെങ്കിൽ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ സഹകരിച്ച് പോകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പടെ പങ്കെടുത്ത നീതി ആയോഗ് യോഗത്തിലാണ് സ്റ്റാലിന്റെ വിമർശനം.
തമിഴ്നാട് സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തുന്നുണ്ട്. ദീർഘകാല പദ്ധതികൾ നടപ്പിലാക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ 30 ട്രില്യൺ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ വലിയ സംഭാവന തമിഴ്നാട് സർക്കാർ ചെയ്യുന്നുണ്ട്. എന്നാൽ, കണക്കുകൾ കൊണ്ട് മാത്രം കാര്യമില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
ഇത് യാഥാർഥ്യമാകണമെങ്കിൽ കോ-ഓപ്പറേറ്റീവ് ഫെഡറലിസമുണ്ടാകണം. ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാ സർക്കാറുകളേയും തുല്യമായി പരിഗണിക്കണം. എന്നാൽ, മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാനാവുവെന്നും സ്റ്റാലിൻ പറഞ്ഞു.തമിഴ്നാടിന് നൽകാനുള്ള 2,200 കോടി രൂപയാണ് സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
നേരത്തെ 2,291 കോടിയുടെ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായാണ് കേന്ദ്രം ഫണ്ട് പിടിച്ചുവെച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാട് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഗവർണർമാർ ബില്ലുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കുന്നതിനെതിരെയും തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.