ചെന്നൈ: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ . രാജ്യം ശക്തവും നിഷ്പക്ഷവുമായൊരു കമീഷനെ അര്‍ഹിക്കുന്നുവെന്നും നിലവിലെ കമീഷന്റെ സ്ഥാനം ഏറ്റവും തരം താഴ്ന്ന അവസ്ഥയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. 65 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റിയതിനെ ‘ജനാധിപത്യപരമായ കൂട്ടക്കൊല’ എന്നും സ്റ്റാലിന്‍ വിശേഷിപ്പിച്ചു. ‘എക്‌സ്’ പോസ്റ്റിലൂടെയാണ് സ്റ്റാലിന്റെ വിമര്‍ശനം.
വെല്ലുവിളികളെ മറികടക്കാന്‍ ഇൻഡ്യാ മുന്നണി മികച്ച ആസൂത്രണം നടത്തണമെന്നും ഇൻഡ്യാ സഖ്യത്തിലെ പരിചയസമ്പന്നരായ രാഷ്ട്രീയക്കാര്‍ ഈ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ളവരാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
തോല്‍ക്കുന്നവരില്‍ പോലും ആത്മവിശ്വാസം ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെയാണ് ഈ രാജ്യം അര്‍ഹിക്കുന്നത്. എന്നാല്‍, ഇന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷന്റെ സ്ഥാനം ഏറ്റവും താഴ്ന്ന നിലയിലാണെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാറിന് ആശംസകള്‍ നേര്‍ന്നും ഏറ്റവും ശക്തമായ പ്രകടനവും പ്രചരണവും നടത്തിയതിന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന് നന്ദി അറിയിച്ചുമാണ് സ്റ്റാലിന്റെ പോസ്റ്റ്.
കഴിഞ്ഞ ആഗസ്റ്റില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ സ്റ്റാലിനും പങ്കെടുത്തിരുന്നു. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന് (എസ്.ഐ.ആര്‍) എതിരെ രൂക്ഷവിമര്‍ശനമാണ് അന്ന് അദ്ദേഹം ഉയര്‍ത്തിയിരുന്നത്.
ബിഹാറിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി 2000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് താന്‍ മുസാഫര്‍പുരില്‍ എത്തിയതെന്നും സാധുവായ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു കാര്യമുണ്ടോയെന്നും അന്ന് അദ്ദേഹം ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.