ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ' വര്‍ണ്ണശബളമായി

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ' ഈ വര്‍ഷവും വര്‍ണ്ണശബളമായി കൊണ്ടാടി. ജൂണ്‍ 10 ഞായറാഴ്ച എംപയര്‍ സ്റ്റേറ്റ് പ്ലാസ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ആഘോഷങ്ങള്‍.

മുന്‍‌വര്‍ഷങ്ങളേക്കാള്‍ വളരെയധികം കലാപരിപാടികള്‍ ഈ വര്‍ഷം അരങ്ങേറി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികളും യുവതീയുവാക്കളും മുതിര്‍ന്നവരുമായി അഞ്ഞൂറില്‍‌പരം പേരാണ് സ്റ്റേജില്‍ അവരവരുടെ സംസ്ഥാനങ്ങളിലെ തനതു പരമ്പരാഗത കലകള്‍ അവതരിപ്പിച്ചത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടികള്‍ വൈകീട്ട് 7 മണിവരെ നീണ്ടു. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആഘോഷമാണ്. വിവിധ ഇന്ത്യന്‍ ഭക്ഷണ ശാലകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവ കൂടാതെ മറ്റനേകം ബൂത്തുകള്‍ കണ്‍വന്‍ഷന്‍ സെന്ററിലും പരിസരത്തും ഒരുക്കിയിരുന്നു.

കല്യാണ്‍ ഗുലെ ചെയര്‍മാനും, ഇളങ്കോവന്‍ രാമന്‍, മൊയ്തീന്‍ പുത്തന്‍‌ചിറ, പ്രവീണ്‍ കരാഞ്ജ്ക്കര്‍, പീറ്റര്‍ തോമസ്, വേണുഗോപാല്‍ ഗുഞ്ജി, രാം മോഹന്‍ ലലുക്കോട്ട, ബാസ്‌വ ശേഖര്‍ എന്നിവരടങ്ങുന്ന കള്‍ച്ചറല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് കലാപരിപാടികളെല്ലാം ഏകോപിപ്പിച്ചത്. 

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1960-ല്‍ രൂപം കൊടുത്ത ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2000 മുതല്‍ സ്‌പ്രിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഈ കലാമേള ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് വിദേശിയരാണെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഗയാനീസ് കമ്മ്യൂണിറ്റിയും പങ്കെടുത്തുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 42 കലാപ്രകടനങ്ങളില്‍ 540 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ആറു മാസക്കാലമായി കള്‍ച്ചറല്‍ കമ്മിറ്റി ഈ പരിപാടി വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാം മംഗളമായി പര്യവസാനിച്ചതില്‍ പ്രസിഡന്റ് ബെങ്കി ബാസണ്ണ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കേരളത്തെ പ്രതിനിധീകരിച്ച്  ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷനിലെ കലാകാരികള്‍ അവതരിപ്പിച്ച സംഘനൃത്തം ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അതുപോലെ കര്‍ണ്ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പരിപാടികളുമാണ് ഏറെ ആകര്‍ഷിക്കപ്പെട്ടത്. ഗയാന വംശജര്‍ അവതരിപ്പിച്ച സംഘനൃത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കോണ്‍‌ഗ്രസ്മാന്‍ പോള്‍ ടോങ്കോ, ആല്‍ബനി മേയര്‍ കാത്തി ഷീഹാന്‍, ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ പ്രതിനിധി ജെഫ് ക്വയ്‌ന്‍, ക്ലിഫ്റ്റന്‍ പാര്‍ക്ക് ടൗന്‍ സൂപ്പര്‍‌വൈസര്‍ ഫില്‍ ബാരറ്റ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Tags:    
News Summary - Spring Festival of India 2018- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.