പോളിങ് ബൂത്തിലേക്ക് നരേന്ദ്രമോദി റോഡ്ഷോ നടത്തിയെന്ന്; വി.വി.ഐ.പികൾക്ക് എന്തുമാവാമെന്ന് മമത ബാനർജി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോളിങ് ബൂത്തിലേക്ക് റോഡ്ഷോ നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷപാർട്ടികൾ. വി.വി.ഐ.പികൾക്ക് ഭയമില്ലാതെ എന്തും ചെയ്യാമെന്നും അവർ ശിക്ഷിക്കപ്പെടില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. വോട്ടെടുപ്പ് നടക്കുന്ന ദിവസം റോഡ്ഷോ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.

'തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം റോഡ്ഷോ നടത്താൻ അനുമതിയില്ല, പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ പാർട്ടിയും വി.വി.ഐ.പികളാണ്. അവർക്ക് എന്തും ചെയ്യാം, ശിക്ഷ ലഭിക്കില്ല.' -മമത ബാനർജി പറഞ്ഞു.

തിങ്കളാഴ്ച ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി അഹമ്മദാബാദിലെത്തിയ മോദി പോളിങ് ബൂത്തിലേക്ക് നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി തുടർച്ചയായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.

എന്നാൽ റോഡ്ഷോ നടത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വാദം. പോളിങ് ബൂത്തിൽ നിന്ന് കുറച്ച് അകലെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാഹനം പാർക്ക് ചെയ്തത്. തുടർന്ന് വോട്ട് രേഖപ്പെടുത്താനായി ബൂത്തിലേക്ക് നടക്കുകയായിരുന്നെന്നും ബി.ജെ.പി വക്താവ് ടോം വടക്കൻ പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ ഹൈസ്കൂളിൽ രാവിലെ 9.30യോടെയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷവും പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.

Tags:    
News Summary - "Special People": Mamata Banerjee's Swipe At PM's "Roadshow" On Voting Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.