ന്യൂഡൽഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്കായി പ്രത്യേക ദേശീയ സുരക്ഷ ഏജൻസി (എൻ.ഐ.എ) കോടതി രൂപവത്കരിച്ചു. മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എൻ.ഐ.എ പ്രത്യേക കോടതിയാക്കി മാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. പ്രത്യേക കോടതിയുടെ അധികാരപരിധി മണിപ്പൂരിലുടനീളം വ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജിരിബാമിൽ ആറ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഉൾപ്പെടെ മൂന്ന് പ്രധാന കേസുകൾ 2024 നവംബറിലാണ് എൻ.ഐ.എ ഏറ്റെടുത്തത്. ഒരു കേസിൽ പ്രതിയായ ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21)അടുത്തിടെ എൻ.ഐ.എ തലശ്ശേരിയിൽനിന്ന് പിടികൂടിയിരുന്നു.
കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീംകോടതി നേരത്തെ രൂപം നൽകിയിരുന്നു. 2023 മേയ് മൂന്നിന് ആരംഭിച്ച കലാപം രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരെയും സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.