ട്രെയിനിൽ പ്രമേഹബാധിതർക്ക് പ്രത്യേക ഭക്ഷണം

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരായ പ്രമേഹബാധിതർക്കും ശിശുക്കൾക്കും കഴിക്കാവുന്ന ഭക്ഷണം നൽകാൻ റെയിൽവേ തീരുമാനം. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ്, റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന് (ഐ.ആർ.സി.ടി.സി) നിർദേശം നൽകി. നിർദേശം നടപ്പായാൽ പ്രമേഹരോഗികൾക്ക് ആവശ്യമായ മധുരമില്ലാത്ത ചായ, അന്നജം കുറഞ്ഞ ഭക്ഷണങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് എണ്ണയും മസാലകളും കുറവുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ, ശിശുക്കൾക്കുള്ള പ്രത്യേക ഭക്ഷണം എന്നിവ ലഭ്യമാകും.

ഇവക്കുപുറമെ പ്രാദേശികമായി പ്രാധാന്യമുള്ള ഭക്ഷണങ്ങളും ലഭിക്കും. നിലവിൽ ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭൂരിഭാഗം ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും യാത്രക്കാരുടെ ഇത്തരം പരിഗണനകൾക്കനുസരിച്ചുള്ളതല്ല. യാത്രാനിരക്കിനൊപ്പം ഭക്ഷണനിരക്ക് ഉൾപ്പെടുത്തിയിട്ടുള്ള 'പ്രീപെയ്ഡ്' ട്രെയിനുകളിലെ ഭക്ഷണ ഇനങ്ങൾ നിലവിലെ വിലയിൽ ഐ.ആർ.സി.ടി.സി തീരുമാനിക്കുമെന്നും കുറിപ്പിൽ പറയുന്നു.

കൂടാതെ, ഇത്തരം 'പ്രീപെയ്ഡ്' ട്രെയിനുകളിൽ അപ്പപ്പോൾ വില നൽകി വിൽക്കുന്ന ഭക്ഷണങ്ങളും ബ്രാൻഡഡ് ഭക്ഷ്യോൽപന്നങ്ങളും വിതരണം ചെയ്യുന്നത് തുടരും. ഇത്തരം ഭക്ഷണങ്ങളുടെ വിലയും ഐ.ആർ.സി.ടി.സിക്ക് തീരുമാനിക്കാം.മറ്റ് മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിൽ ഊണുപോലുള്ള സാധാരണ ഇനങ്ങളടങ്ങിയ മെനു ഐ.ആർ.സി.ടി.സി തീരുമാനിക്കും.

ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും ഉറപ്പാക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. 'ജനത' ഭക്ഷണത്തിലെ വിഭവങ്ങളും വിലയും മാറ്റമില്ലാതെ തുടരുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.

Tags:    
News Summary - Special food for diabetics in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.