എച്ച്.ഡി. രേവണ്ണ 

ലൈംഗികാതിക്രമ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ എച്ച്.ഡി. രേവണ്ണക്ക് ജാമ്യം

ബംഗളൂരു: മകനും എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ അതിജീവിതയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണക്ക് ജാമ്യം. അഞ്ച് ലക്ഷം രൂപ കെട്ടിവെച്ചാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മേയ് നാലിനാണ് പ്രത്യേക അന്വേഷണ സംഘം എച്ച്.ഡി. രേവണ്ണയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണക്കെതിരായ കേസ്. രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മുൻ മന്ത്രി കൂടിയായ രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എസ്.ഐ.ടി രണ്ട് തവണ സമൻസ് അയച്ചിരുന്നു. രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനാണ് ആദ്യത്തെ കേസ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണക്കെതിരെയുള്ള രണ്ടാമത്തെ കേസ്. അദ്ദേഹത്തിന്റെ വിശ്വസ്തൻ സതീഷ് ബാബണ്ണയും കേസിൽ പ്രതിയാണ്. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് 20 വയസുള്ള ഇവരുടെ മകനാണ് പരാതി നല്‍കിയത്.

അതേസമയം, നിരവധി ലൈംഗികാതിക്രമ പരാതികൾ നേരിടുന്ന പ്രജ്വൽ രേവണ്ണ വിദേശത്ത് തുടരുകയാണെന്നാണ് നിഗമനം. ഏപ്രിൽ 27ന് ജർമനിയിലേക്കു കടന്ന പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് ഹാസൻ മണ്ഡലത്തിൽ വിവിധയിടങ്ങളിലായി പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകൾ അടങ്ങിയ ഫ്ലാഷ് ഡ്രൈവുകൾ വിതറിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നായിരുന്നു ഹാസനിലും തെരഞ്ഞെടുപ്പ് നടന്നത്. വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിവാദമുയരുകയായിരുന്നു. ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിച്ചതാണെന്നും പ്രചാരണമുണ്ടായി. പിന്നാലെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

Tags:    
News Summary - Special court grants bail to Karnataka MLA H D Revanna in kidnapping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.