രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ ആഗോള തീരുവ നയങ്ങൾക്ക് സുപ്രീം കോടതിയിൽ തിരിച്ചടിയേറ്റതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. പ്രധാനമന്ത്രി കീഴടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വഞ്ചന തുറന്നുകാട്ടപ്പെട്ടു. ഇനിയൊരു വിലപേശലിന് മോദിക്ക് കഴിയില്ല. അദ്ദേഹം വീണ്ടും കീഴടങ്ങും -രാഹുൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ സുപ്രീം കോടതി വിധിയിലൂടെ ട്രംപിന്റെ തീരുവ നയങ്ങളെ അമേരിക്ക തള്ളിയതിനു പിന്നാലെയായിരുന്നു ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചൂണ്ടികാട്ടി രാഹുലിന്റെ ആക്രമണം.
വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയും, അമേരിക്കൻ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ റദ്ദാക്കിയതോടെ, മോദിയുടെ വഞ്ചന പുറത്തായെന്നും ആരോപിച്ചു.
ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന തിരിച്ചടിയുണ്ടായതിനു പിന്നാലെ ഇന്ത്യ-അമേരിക്ക വ്യാപാര കാരർ ഉയർത്തി കോൺഗ്രസും പ്രധാനമന്ത്രിക്കും സർക്കാറിനുമെതിരെ വിമർശനമുയർത്തി. വ്യാപാര കരാർ ഇന്ത്യക്ക് അഗ്നി പരീക്ഷയായി മാറുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. മോദിയുടെ നിരാശയും കീഴടങ്ങലുമായിരുന്നു ഇന്ത്യയുടെ വ്യാപാര കരാറെന്നും കുറ്റപ്പെടുത്തി.
18 ദിവസം കൂടി മോദി കാത്തിരുന്നുവെങ്കിൽ, തന്റെ ദുർബലമായ പ്രതിച്ഛായ സംരക്ഷിക്കാൻ ഇത്രയും ദയനീയമായൊരു കീഴടങ്ങലുണ്ടാവുമായിരിന്നില്ല. ഇന്ത്യൻ കർഷകരെ വലിയ ദുരന്തത്തിലേക്ക് തള്ളിവിടേണ്ടിയിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുമായിരുന്നു -ജയറാം രമേശ് വിമർശിച്ചു.
ട്രംപിന്റെ അവകാശവാദങ്ങൾ ശരിവെച്ച് ഫെബ്രുവരി രണ്ടിന് രാത്രിയിയിൽ അത്തരമൊരു പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.