യു.പി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്​ അഖിലേഷ്​ യാദവ്​

ലഖ്​നോ: അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. അസംഗഢിൽ നിന്നുള്ള ലോക്​സഭാംഗവും മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ പാർട്ടി ഉയർത്തിക്കാണിക്കുന്ന മുഖവുമാണ്​ അഖിലേഷ്​.

തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടുന്ന തിരക്കിലാണ്​ എസ്​.പി. ഇതിന്‍റെ ഭാഗമായി ഓം പ്രകാശ്​ രാജ്​ഭറിന്‍റെ സുഹേൽദേവ്​ ഭാരതീയ സമാജ്​ പാർട്ടിയുമായി ധാരണയിലെത്തിയിരുന്നു.

ബന്ധുവായ ശിവ്​പാൽ സിങ്​ യാദവിന്‍റെ പ്രഗതിശീൽ സമാജ്​വാദി പാർട്ടി ലോഹിയയുമായി (പി.എസ്​.പി.എൽ) സഖ്യം രൂപീകരിക്കുന്ന കാര്യം അദ്ദേഹം തള്ളുന്നില്ല. തനിക്ക് ഇതിൽ ഒരു പ്രശ്നവുമില്ലെന്നും ശിവ്​പാൽ സിങ്​ യാദവിനെ അർഹമായ രീതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ അടുത്തിടെ ആറ്​ വിമത ബി.എസ്​.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്​വാദി പാർട്ടിയിൽ ചേർന്നിരുന്നു. ലഖ്​നോവിൽ നടന്ന പരിപാടിക്കിടെയാണ്​ ഏഴുപേരും എസ്​.പിയിൽ ചേർന്നത്​. ബി.എസ്​.പിയിലെ ആറ്​ വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ്​ ചെയ്​തിരുന്നു. എസ്​.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.

സീതാപൂർ സദറിലെ ബി.ജെ.പി എം.എൽ.എയായ രാകേഷ്​ റാത്തോർ, ബി.എസ്​.പി എം.എൽ.എമാരായ അസ്​ലം റായ്​നി, മുജ്​താബ സിദ്ദിഖി, അസ്​ലം അലി ചൗധരി, ഹക്കീം ലാൽ ബിന്ദ്​, സുഷ്​മ പ​േട്ടൽ, ഹർഗോവിന്ദ്​ ഭാർഗവ എന്നിവരാണ്​ എസ്​.പിയിലെത്തിയത്​.

കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്​.പിയിലെ ഔദ്യോഗിക സ്​ഥാനാർഥിയുടെ നോമിനേഷനെ ഇവർ എതിർത്തതിനെ തുടർന്ന്​ ആറുപേരെയും സസ്​പെൻഡ്​ ചെയ്​തിരുന്നു.

പാർട്ടി സസ്​പെൻഡ്​ ചെയ്​തതുമുതൽ എസ്​.പി നേതാക്കളുമായി അടുത്ത ബന്ധം ഇവർ സ്​ഥാപിച്ചിരുന്നു. കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽനിന്ന്​ എസ്​.പിയിലേക്ക്​ എത്ത​ുമെന്നാണ്​ വിവരം. രണ്ടു വിമത ബി.എസ്​.പി നേതാക്കളും മുൻ യു.പി മന്ത്രിമാരുമായ ലാൽജി വർമ, രാമചന്ദ്ര രാജ്​ബാർ എന്നിവർ നവംബർ ഏഴിന്​ എസ്​.പിയിൽ ചേരുമെന്നാണ്​ വിവരം.

Tags:    
News Summary - SP chief Akhilesh Yadav Won't Contest UP Elections Next Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.