ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണക്കാരനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
‘‘മോദിക്ക് തെക്കേന്ത്യയോട് വിദ്വേഷമുണ്ടെന്ന് അവിടത്തുകാർ കരുതുന്നു. ഇപ്പോഴത്തെ സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലുണ്ട്.തീരുമാനമെടുക്കുന്ന പ്രക്രിയയിൽ തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്ന് അവർക്ക് തോന്നുന്നു. അവർക്കൊപ്പം നിൽക്കണമെന്ന സന്ദേശം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു’’ -കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിൽ രാഹുൽ പറഞ്ഞു.
വയനാട് രണ്ടാം മണ്ഡലമായി തെരഞ്ഞെടുത്തത് അമേത്തിയിലെ ഹിന്ദുരോഷം ഭയന്നാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദു വികാരം വളർത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ ഗതി തിരിച്ചുവിടുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ രാഹുൽ പറഞ്ഞു: ‘‘ എല്ലാവരും ഹിന്ദുക്കളാണ്. പക്ഷേ, തൊഴിൽ ഇല്ല. യഥാർഥ വിഷയങ്ങളിൽ നിന്ന് ഒാടിയൊളിക്കുകയാണ് മോദി. അത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് പേടിയാണ്.’’
യഥാർഥ വിഷയങ്ങളിൽ പ്രധാനമന്ത്രി പൊതുസംവാദത്തിന് മുന്നോട്ടു വരെട്ട. ദേശസുരക്ഷ, വിദേശനയം, അഴിമതി എന്നിവയെക്കുറിച്ച് ദേശീയ സംവാദത്തിന് മുന്നോട്ടു വരാൻ മോദിയെ രാഹുൽ വെല്ലുവിളിച്ചു. എന്തുകൊണ്ടാണ് രാഹുലിനോട് ചോദ്യം ചോദിക്കുന്ന മാതിരി മോദിയോട് മാധ്യമ പ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ കഴിയാത്തത്? ഒരു പത്രസമ്മേളനം നടത്താൻ അദ്ദേഹത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്? മോദിക്ക് പേടിയായിരിക്കും. എന്നാൽ, അദ്ദേഹത്തെ തോൽപിക്കുക തന്നെ ചെയ്യും -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.