Representative Image

ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. കണ്ടൈൻമെന്‍റ് സോണിന് പുറത്തുള്ള ആരാധനാലയങ്ങൾക്കാണ് ലോക്ഡൗൺ ഇളവുകളുടെ ഒന്നാംഘട്ടത്തിൽ തുറക്കാൻ അനുമതി നൽകിയത്.  

65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങളുള്ളവരും വീടുകളിൽതന്നെ തുടരണമെന്ന് നിർദേശത്തിൽ പറയുന്നു. 

ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിൽ സാനിറ്റൈസറും താപനില പരിശോധിക്കാനുള്ള സംവിധാനവും വേണം. അസുഖ ബാധിതരല്ലാത്തവർ മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശിക്കാവൂ. മാസ്ക് ധരിക്കൽ നിർബന്ധമാണ്. 

ആരോഗ്യ മുൻകരുതലുകളെ കുറിച്ചുള്ള പോസ്റ്ററുകൾ പതിക്കണം. ഓഡിയോ-വിഡിയോ ബോധവത്കരണവും വേണം. 

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ അണുനാശിനി ഉപയോഗിക്കുകയോ വേണം. ചെരിപ്പുകൾ വാഹനത്തിൽതന്നെ സൂക്ഷിക്കുകയോ പ്രത്യേകം സൂക്ഷിക്കുകയോ വേണം. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പാർക്കിങ് സംവിധാനം ആരാധനാലയ പരിസരത്ത് ഒരുക്കണം. 

പരിസരങ്ങളിലെ കടകൾ, സ്റ്റാളുകൾ, കഫ്റ്റീരിയകൾ തുടങ്ങിയവയിൽ സാമൂഹിക അകലം കൃത്യമായി പാലിക്കണം. 

ആരാധനാലയത്തിന് അകത്തേക്കും പുറത്തേക്കും പ്രത്യേകം വഴികൾ ഒരുക്കുന്നത് പരിഗണിക്കണം. വരിനിൽക്കുമ്പോൾ ആറടി അകലം പാലിക്കണം. പ്രവേശനത്തിന് മുമ്പായി സോപ്പ് ഉപയോഗിച്ച് കൈകളും കാലുകളും കഴുകണം. 

വിഗ്രഹങ്ങളിലോ പ്രതിമകളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പർശിക്കരുത്. വലിയ ആൾക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കണം. റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും മറ്റും ഉപയോഗിക്കാം. തത്സമയ ആലാപനം ഒഴിവാക്കണം. 

പരസ്പരം ആശംസ നേരുമ്പോൾ സ്പർശനം ഒഴിവാക്കണം. പ്രാർഥനക്കുള്ള പായ പ്രത്യേകം കൊണ്ടുവരണം. എല്ലാവർക്കുമായി ഒരേ പായ അനുവദിക്കില്ല. പ്രസാദ വിതരണം, പുണ്യജല വിതരണം എന്നിവ നടത്തരുത്. അന്നദാന കേന്ദ്രങ്ങൾ സാമൂഹിക അകല നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആരാധനാലയങ്ങൾ കൃത്യമായി കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. 

ആരാധനാലയത്തിൽ ആർക്കെങ്കിലും അസുഖമുണ്ടായാൽ അവരെ മാസ്ക് ധരിപ്പിച്ച് പ്രത്യേകമായി മുറിയിലേക്ക് മാറ്റണം. ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണം. ഡോക്ടറെ എത്തിച്ച് പരിശോധന നൽകണം. കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ആരാധനാലയ പരിസരം അണുവിമുക്തമാക്കണം.

Tags:    
News Summary - sop in religious places -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.