മുംബൈ: കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായി ഉള്ളുതുറന്ന് സോണിയ ഗാന്ധി. രാഷ്ട്രീയനിലപാടും സ്വന്തം പോരായ്മകളും തുറന്നുപറഞ്ഞ അവർ മക്കളായ രാഹുലിനെയും പ്രിയങ്കയെയും കുറിച്ചും വികാരഭരിതയായി. ‘ഇന്ത്യ ടുഡേ കോൺക്ലേവി’ൽ സംസാരിക്കുകയായിരുന്നു 71കാരിയായ സോണിയ. 2004ൽ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത്, അേദ്ദഹം തന്നേക്കാൾ മികച്ച പ്രധാനമന്ത്രിയാകും എന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണെന്ന് അവർ പറഞ്ഞു. ‘‘എെൻറ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ട്. ലീഡർ എന്നതിനേക്കാൾ പ്രസംഗം നോക്കിവായിക്കുന്നയാൾ എന്നനിലയിൽ റീഡർ എന്ന വിശേഷണമാണ് എനിക്ക്ചേരുക’’ -19 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ, അടുത്ത ലോക്സഭ തെരെഞ്ഞടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ജനങ്ങളുമായി ബന്ധപ്പെടാനുള്ള പുതിയ സംഘടനാശൈലി കോൺഗ്രസ് രൂപപ്പെടുത്തണമെന്ന കാര്യമാണ് 2014ലെ തിരിച്ചടിയിൽനിന്ന് പഠിച്ചത്. ഭരണവിരുദ്ധ വികാരമാണ് 2014ലെ തോൽവിയുടെ പല കാരണങ്ങളിൽ ഒന്ന്. പ്രചാരണത്തിൽ മോദിക്കൊപ്പമെത്താനായില്ല. 2019ൽ കോൺഗ്രസ് അധികാരത്തിലെത്തും. നടപ്പാക്കാനാകാത്ത ഉറപ്പുനൽകി ജനങ്ങളെ പറ്റിക്കാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെ സൂചിപ്പിച്ച് അവർ പറഞ്ഞു. കോൺഗ്രസിന് ഒരു ഗാന്ധിയില്ലാതെ അതിജീവിക്കാനാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി.
ജനാധിപത്യപരമായാണ് തങ്ങൾ തെരഞ്ഞെടുക്കെപ്പട്ടതെന്ന് അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ മറ്റു നേതാക്കൾ ഉയർന്നുവരും. ജനാധിപത്യം ആത്മഭാഷണമല്ല, അത് വിയോജിപ്പും സംവാദവും അനുവദിക്കുന്നതാണെന്ന് മോദിയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് അവർ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസും അതിെൻറ പ്രധാനമന്ത്രിമാരും കൈവരിച്ച നേട്ടങ്ങളെ ഇപ്പോഴത്തെ ഭരണപക്ഷം പരിഹസിക്കുകയാണ്. മോദി സർക്കാർ വരുന്നതിനുമുമ്പ് രാജ്യം തമോഗർത്തമായിരുന്നോ? ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണവർ. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം 2004ൽ വാജ്പേയി സർക്കാറിന് തിരിച്ചടിയായപോലെ ‘അച്ഛേ ദിൻ’ ബി.ജെ.പിക്ക് തിരിച്ചടിയാകും.
നരേന്ദ്ര മോദിയെ വ്യക്തിപരമായി അറിയില്ല. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഞങ്ങൾ കടുത്ത എതിരാളികളായിരുന്നു. എങ്കിലും നല്ല രീതിയിൽ പ്രവർത്തിച്ചു. വാജ്േപയിക്ക് പാർലമെൻററി നടപടികളോട് ആദരവായിരുന്നുവെന്ന് മോദിയുമായുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി സോണിയ പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്ത് ഉപദേശമാണ് നൽകുക എന്ന ചോദ്യത്തിന്, അദ്ദേഹത്തെ ഉപദേശിക്കാൻ താൻ ധൈര്യപ്പെടില്ല എന്നായിരുന്നു തമാശ കലർന്ന മറുപടി. കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമില്ല. എതിരാളികൾ കോൺഗ്രസിനെ മുസ്ലിം പാർട്ടിയായി വിശേഷിപ്പിക്കുന്നു. തങ്ങൾ മുമ്പും ക്ഷേത്രദർശനം നടത്തിയിരുന്നു, അതിനെ പ്രകടനമാക്കാതെ തന്നെ. ‘‘പാർട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം സ്വന്തമായി കൂടുതൽ സമയം കിട്ടുന്നു, സിനിമ കാണാനും വായനക്കുമൊക്കെ... ഇന്ദിര ഗാന്ധി രാജീവ് ഗാന്ധിക്ക് അയച്ച കത്തുകളും രാജീവിെൻറ മറുപടികളും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങുകയാണ്. എന്നെ സംബന്ധിച്ച് വൈകാരിക പ്രാധാന്യമുള്ള രേഖകളാണിത്’’ -സോണിയ പറഞ്ഞു.
രാഹുലിനെ ഉപദേശിക്കേണ്ട കാര്യമില്ല, പ്രിയങ്ക തീരുമാനമെടുത്തിട്ടില്ല
രാഹുലിനെയും പ്രിയങ്കയെയും കുറിച്ച ചോദ്യങ്ങൾക്ക് സോണിയയുടെ മറുപടി
പാർട്ടി കാര്യങ്ങളിൽ രാഹുലിനെ സഹായിച്ചിരുന്നുവോ?
സേവനം ദാനം ചെയ്യാൻ ശ്രമിച്ചിട്ടില്ല. രാഹുലിന് സ്വന്തം ഉത്തരവാദിത്തം അറിയാം. ആവശ്യമുണ്ടെങ്കിൽ മാത്രം ഇടപെടാം. പാർട്ടിക്ക് പുതുജീവൻ നൽകാൻ മുതിർന്ന നേതാക്കൾക്കും യുവാക്കൾക്കും ഇടക്ക് സന്തുലനമുണ്ടാക്കാൻ രാഹുൽ ശ്രമിക്കുകയാണ്, അത് എളുപ്പമല്ല. മുതിർന്ന നേതാക്കളുടെ സേവനം മാനിച്ചായിരിക്കും രാഹുൽ മാറ്റം കൊണ്ടുവരുക.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്ന സമയത്ത് രാഹുൽ എന്തുകൊണ്ട് രാജ്യത്തുണ്ടായില്ല?
അമ്മൂമ്മയെ കാണാനാണ് രാഹുൽ ഇറ്റലിയിൽ പോയത്. പ്രചാരണത്തിനുശേഷമാണ് അദ്ദേഹം പോയത്.
രാഷ്ട്രീയത്തിൽ പ്രിയങ്കയുടെ പങ്ക് എന്താണ്?
പ്രിയങ്ക ഇപ്പോൾ മക്കളുടെ കാര്യത്തിൽ വ്യാപൃതയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക തീരുമാനമെടുത്തിട്ടില്ല. തീരുമാനം അവരുടേതാണ്, ഭാവി എന്താണ് എന്ന് ആർക്കുമറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.