മോദി നെതന്യാഹുവിന് വഴങ്ങുന്നു, നയതന്ത്ര മധ്യസ്ഥം പാകിസ്താന് കൈമാറുന്നു; ഗസ്സയിൽ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ഗസ്സ വംശഹത്യയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് ഗസ്സ വം​ശഹത്യയിലെ ഇന്ത്യയുടെ മൗനവും ഇറാൻ ആക്രമണത്തിലെ വിദേശനയത്തെയും ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് വന്നത്. 

ഇസ്രായേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നും, ഗസ്സയിലെ വംശഹത്യയിൽ സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമികമായി അപലപനീയമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അകലം പാലിക്കുമ്പോൾ, ഇന്ത്യ കൂടുതൽ കൂടുതൽ ഇസ്രായേലിന്റെ തന്ത്രപ്രധാനമായ വലയത്തിലേക്ക് വഴുതി വീഴുകയാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ഗസ്സയിൽ ഇസ്രായേൽ അധികൃതർ വംശഹത്യ നടത്തുകയാണെന്ന് 2025 സെപ്റ്റംബറിലെ യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പ്രമുഖ ഇന്ത്യൻ നിയമജ്ഞനായ ജസ്റ്റിസ് (റിട്ട.) എസ്. മുരളീധരൻ അധ്യക്ഷനായ ഇതേ കമ്മീഷൻ 2026 ജൂണിൽ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഫലസ്തീനികളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ടിനോട് നരേന്ദ്ര മോദി സർക്കാർ കടുത്ത മൗനമാണ് പുലർത്തിയത്.

മുരളീധരന്റെ റിപ്പോർട്ടിനോട് നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന നിശ്ശബ്ദത അത്ഭുതപ്പെടുത്തുന്നതല്ല. 2020ലെ ഡൽഹി കലാപത്തിന് മുന്നോടിയായി ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ഡൽഹി പൊലീസിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തതിനാണ് ജസ്റ്റിസ് മുരളീധരനെ ഡൽഹി ഹൈകോടതിയിൽ നിന്ന് സ്ഥലം മാറ്റിയതെന്ന് ഓർക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നടപടികൾ അങ്ങേയറ്റം ക്രൂരവും കാടത്തം നിറഞ്ഞതുമാണെന്ന് സോണിയ ഗാന്ധി ഓർമിപ്പിച്ചു. ഫലസ്തീനികളെ 'ജീവജാലങ്ങൾ' എന്ന് വിശേഷിപ്പിക്കുകയും ഗസ്സയുടെ 'ആകെ ഉന്മൂലനം' ആവശ്യപ്പെടുകയും ചെയ്യുന്ന ഇസ്രായേലി നേതാക്കളുടെ നിലപാടുകൾ വംശഹത്യയിലേക്കുള്ള വ്യക്തമായ സൂചനയാണ്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെയാണ് ഇസ്രായേൽ ഈ ക്രൂരത തുടരുന്നത്.

എന്നാൽ ലോകത്തിലെ മറ്റ് രാജ്യങ്ങൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഫ്രാൻസ്, യുകെ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ ശക്തികൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വലിച്ചിഴച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേലിലേക്കുള്ള ആയുധ വിൽപന പരിമിതപ്പെടുത്തുകയും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ബന്ധം വിച്ഛേദിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ദക്ഷിണാഫ്രിക്കയും മറ്റ് യൂറോപ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെയും ആയുധ വിൽപന നിയന്ത്രിക്കുന്നതിലും കർശനമായ നടപടികൾ സ്വീകരിക്കുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് യുക്തിസഹമായോ ധാർമികമായോ വിശദീകരിക്കാൻ കഴിയില്ലെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി

കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിലും അന്താരാഷ്ട്ര സമാധാനത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് ചേർന്നതല്ല ഈ നിലപാട്. കുഞ്ഞുങ്ങൾ ക്രൂരമായി വേട്ടയാടപ്പെടുന്ന ഫലസ്തീൻ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇന്ത്യൻ ദേശീയതയുടെ ആത്മാവ് ആവശ്യപ്പെടുന്നു. ലോകം മുഴുവൻ വംശഹത്യക്കെതിരെ നിലകൊള്ളുമ്പോൾ ഇന്ത്യ മൗനവ്രതം അവസാനിപ്പിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 

ഹിന്ദ് റജബിന്റെ ദുരന്തകഥ ഗസ്സയിലെ ഇസ്രായേലി വംശഹത്യയുടെ പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയുടെ പ്രതീകമാണ്. ലോകത്തിലെ പൗരന്മാരെന്ന നിലയിൽ ഇന്ത്യൻ പൗരന്മാർക്കും ഹിന്ദ് റജബിന്റെയും എണ്ണമറ്റ മറ്റ് ഫലസ്തീൻ കുട്ടികളുടെയും കഥ അറിയാൻ അവകാശമുണ്ട്. എന്നിട്ടും, ഇസ്രായേലിന്റെ അനാവശ്യ താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്താൻ ഈ സിനിമ ഇന്ത്യയിൽ മാസങ്ങളോളം തടഞ്ഞുവെച്ചു. വൻതോതിലുള്ള പൊതുജന സമ്മർദത്തിന് ശേഷം മാത്രമാണ് അത് പ്രദർശനത്തിന് അനുമതി ലഭിച്ചത്.

ആഗോള പൊതുജനാഭിപ്രായത്തിൽ നിന്ന് പോലും ഇന്ത്യ അകലുകയാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളുമായും ചരിത്രപരമായി സൗഹൃദബന്ധമുള്ള ഇന്ത്യക്ക് അവകാശപ്പെടാമായിരുന്ന മധ്യസ്ഥന്റെ സ്ഥാനം ഭീകരവാദികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാക്കിസ്താന് നേടിയെടുക്കാൻ ഇന്ത്യ അവസരമൊരുക്കിയെന്നും സോണിയ കുറ്റപ്പെടുത്തി. നമ്മുടെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങളെയും ധാർമികതയെയും ബലികൊടുത്ത് നമുക്ക് ലഭിച്ചത് പ്രധാനമന്ത്രി മോദിയും, ഇപ്പോൾ യു.എസ് ഉൾപ്പെടെ ലോകമെമ്പാടും വിമർശനങ്ങൾ നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിലുള്ള സൗഹൃദം മാത്രമാണ്.  ഫലസ്തീനിലെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇന്ത്യൻ ദേശീയതയുടെ ആത്മാവ് ആവശ്യപ്പെടുമ്പോൾ മൗനം വെടിയാൻ സർക്കാർ തയാറാകണമെന്നും സോണിയ ഗാന്ധി ലേഖനത്തിലൂടെ ആഹ്വാനം ചെയ്തു.

Tags:    
News Summary - Sonia Gandhi criticizes modi government silence on Gaza genocide and iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.