പ്രകാശ് രാജ്

പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗളൂരു: പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വിലാസത്തിൽ നടത്തിയ പരിശോധനയിൽ താരം അവിടെ താമസമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പേര് സ്ഥലംമാറി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

​തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് താരം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. ​ബ്രഹത് ബംഗളൂരു മഹാനഗര പാലികെ കമ്മീഷണറും അഡീഷണൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജഗദീഷ് ജി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂൺ 16ലെ കണക്കനുസരിച്ച് ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 1ൽ, സീരിയൽ നമ്പർ 970ൽ പ്രകാശ് രാജിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ​പ്രകാശ് രാജിന്റെ ഔദ്യോഗിക വിലാസമായ ബംഗളൂരുവിലെ വിട്ടൽ മല്യ റോഡിലുള്ള ഗാർഡൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് നമ്പർ 266ൽ ബൂത്ത് ലെവൽ ഓഫീസർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ താരം ഈ വിലാസത്തിൽ താമസവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

​പ്രകാശ് രാജ് കഴിഞ്ഞ നാല് വർഷമായി ഈ ഫ്ലാറ്റിൽ താമസിക്കുന്നില്ലെന്നും നിലവിൽ ഇവിടെ വേറെയൊരു വാടകക്കാരനാണ് താമസിക്കുന്നതെന്നും ഫ്ലാറ്റിന്റെ ഉടമ ഫോണിലൂടെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. ബി.എൽ.ഒ അയൽവാസികളോടും അപ്പാർട്ട്മെന്റ് മാനേജരോടും സംസാരിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഔദ്യോഗികമായി മഹസർ തയാറാക്കി വോട്ടർ പട്ടികയിൽ വിവരങ്ങൾ പുതുക്കുകയുമാണുണ്ടായത്.

​ആഗസ്റ്റ് 11ന് അപ്പാർട്ട്മെന്റ് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴും പ്രകാശ് രാജ് ഈ വിലാസത്തിൽ നിന്ന് മാറി താമസിക്കുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥർ പ്രകാശ് രാജുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. താൻ ഇപ്പോൾ മുൻ വിലാസത്തിലല്ല താമസമെന്നും എന്നാൽ അതേ ശാന്തിനഗർ നിയമസഭാ മണ്ഡലത്തിനുള്ളിലെ മറ്റൊരു വിലാസത്തിലാണ് കഴിയുന്നതെന്നും താരം ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

​നിലവിൽ താമസിക്കുന്ന സ്ഥലത്തെ ബി.എൽ.ഒ വഴി 'ഫോം 6' സമർപ്പിച്ചാൽ പുതിയ വിലാസം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രകാശ് രാജിനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ചാണ് ഈ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളതെന്നും പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Officials clarify Prakash Raj’s name not deleted from voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.