കാവേരി ജല തർക്കം; തമിഴ്നാടിന്റെ ഹരജിയിൽ ആഗസ്റ്റ് 17ന് സുപ്രീംകോടതി വാദം കേൾക്കും

ന്യൂഡൽഹി: കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശം കർണാടക നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹരജിയിൽ സുപ്രീംകോടതി ആഗസ്റ്റ് 17ന് വാദം കേൾക്കും. വ്യാഴാഴ്ച പരിഗണിക്കാനിരുന്ന ഹരജി ബെഞ്ചിന് നേതൃത്വം നൽകേണ്ട ജസ്റ്റിസ് വിക്രം നാഥിന് വൈറൽ പനി ബാധിച്ചതിനെ തുടർന്ന് മാറ്റുകയായിരുന്നു. അടുത്തയാഴ്ച അദ്ദേഹം കോടതിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഡി.എം.കെ ക്കും ചില കർഷകർക്കുമായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ, കേസിൽ കക്ഷി ചേരാനുള്ള അപേക്ഷ തമിഴ്നാടിന്റെ ഹരജിക്കൊപ്പം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കർണാടക കാവേരി ജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി.ഡബ്ലു.എം.എ പുതിയ നിർദേശം നൽകിയിട്ടും അത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ഡബ്ലു.എം.എയുടെ ജൂലൈ 30 ലെ നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ആഗസ്റ്റ് 3നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കർണാടകയിലെ കബിനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിൽ നിന്ന് ജലം വിട്ടുനൽകണമെന്നായിരുന്നു നിർദേശം. 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് എന്ന തോതിൽ ആകെ 4.536 ടി.എം.സി ജലം ലഭിക്കണമെന്നും ആഗസ്റ്റ് 12നകം നിശ്ചിത അളവ് വിട്ടുനൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

കാവേരി ജലത്തിന്റെ അർഹമായ വിഹിതം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും സംസ്ഥാനം ഹരജിയിൽ ആവശ്യപ്പെട്ടു. 2018 ഫെബ്രുവരി 16ലെ സുപ്രീംകോടതി വിധിയും തുടർന്ന് സി.ഡബ്ലു.ആർ.സി, സി.ഡബ്ലു.എം.എ എന്നിവ പുറപ്പെടുവിച്ച നിർദേശങ്ങളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും കോടതിയെ സമീപിച്ചിട്ടുണ്ട്.

2026 ജൂലൈ 28ലെ സി.ഡബ്ലു.ആർ.സി നിർദേശം ജൂലൈ 30ന് സി.ഡബ്ലു.എം.എ അംഗീകരിച്ചിരുന്നു. ജൂലൈ 29 മുതൽ 15 ദിവസത്തേക്ക് ബിലിഗുണ്ട്ലുവിൽ പ്രതിദിനം 3,500 ക്യുസെക്സ് ജലത്തിന്റെ ഒഴുക്ക് ഉറപ്പാക്കണമെന്നായിരുന്നു നിർദേശം. കർണാടകയിലെ അണക്കെട്ടുകളിൽ നിന്നുള്ള ജലവിതരണവും ബിലിഗുണ്ട്ലുവിലെ ജലപ്രവാഹവും ദിവസേന നിരീക്ഷിച്ച് സുപ്രീംകോടതിയെ റിപ്പോർട്ട് ചെയ്യാൻ സി.ഡബ്ലു.എം.എക്ക് നിർദേശം നൽകണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.

നിർദേശങ്ങൾ ഉണ്ടായിട്ടും കർണാടക അവ പാലിച്ചിട്ടില്ലെന്നാണ് ഡി.എം.കെയുടെ ആരോപണം. തമിഴ്നാടും കർണാടകയും തമ്മിലുള്ള ദീർഘകാല കാവേരി നദീജല തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഹരജികൾ സുപ്രീംകോടതിയിലെത്തിയത്.

Tags:    
News Summary - Cauvery Water Dispute Hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.