എഫ്.സി.ആർ.എ ഭേദഗതി ബിൽ ജെ.പി.സിക്ക് വിട്ടു; പ്രതിപക്ഷ ബഹളത്തിനിടെ പ്രമേയം പാസാക്കി

ന്യൂഡൽഹി: ഏറെ കോലാഹലങ്ങൾക്ക് വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്.

സഭയിൽ സമാജ്‌വാദി പാർട്ടി എം.പി അഖിലേഷ് യാദവും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. മുഴുവൻ പ്രതിപക്ഷവും എഫ്‌.സി.ആർ.എ ബില്ലിനെ എതിർക്കുന്നുവെന്ന് പറഞ്ഞ യാദവ്, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണ് ഈ നിയമമെന്നും ആരോപിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ഏതെങ്കിലും വ്യവസ്ഥ ചൂണ്ടിക്കാട്ടാൻ യാദവിനെ വെല്ലുവിളിച്ച റിജിജു, അഖിലേഷ് യാദവ് സഭയെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

എഫ്.സി.ആർ.എ ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും, കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിൽ ചർച്ചക്കെടുത്തുന്നത് സർക്കാർ അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇത്. 2025 മാർച്ച് 26ന് പാർലമെന്റിൽ അവതരിപ്പിച്ച ബിൽ ഈ സഭ സമ്മേളനത്തിൽ പാസാക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ എഫ്‌.സി.ആര്‍.എ ലൈസന്‍സ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസന്‍സ് പുന:സ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസന്‍സ് സറണ്ടര്‍ ചെയ്യുക എന്നീ കാരണങ്ങളാൽ പൂർണമായോ ഭാഗികമായോ വിദേശ ഫണ്ട് ഉപയോഗിച്ച് ആര്‍ജിച്ച ആസ്തികള്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഏറ്റവും കിരാതമായ വ്യവസ്ഥ.

അതേസമയം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ചർച്ചക്ക് തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളി. അമിത് ഷായുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നും സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ മറുപടി വേണമെന്നും രാഹുൽ പ്രതികരിച്ചു. സഭയിൽ പ്രതിഷേധം കടുത്തതോടെയാണ് വർഷകാല സമ്മേളനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങി ചർച്ചക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചത്.

Tags:    
News Summary - FCRA Bill sent to JPC via voice note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.