മുംബൈ: 17 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ട്രെയിനിൽനിന്ന് വീണ് മരിച്ച 16കാരന്റെ മാതാപിതാക്കൾക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈകോടതി. 2009ൽ മുംബൈ സബർബൻ ട്രെയിനിൽനിന്ന് വീണ് മരണപ്പെട്ട കൗമാരക്കാരന്റെ മാതാപിതാക്കൾക്കാണ് ഈ നഷ്ടപരിഹാരം അനുവദിച്ചത്.
'ട്രെയിനിൽനിന്നുള്ള അബദ്ധവശാലുള്ള വീഴ്ച' ആണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ അധ്യക്ഷനായ സിംഗ്ൾ ബെഞ്ചിന്റെ വിധി. അപകടം നടന്ന 2009 മുതലുള്ള ആറ് ശതമാനം പലിശ സഹിതം നാല് ലക്ഷം രൂപ വെസ്റ്റേൺ റെയിൽവേ കോടതിയിൽ കെട്ടിവെക്കണം. പലിശ ഉൾപ്പെടെയുള്ള മൊത്തം തുക പരമാവധി എട്ട് ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ തുക 12 ആഴ്ചയ്ക്കുള്ളിൽ 16കാരന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും തുക കൈപ്പറ്റുന്നതിനായി റെയിൽവേ ക്ലെയ്ംസ് ട്രൈബ്യൂണലിൽ പുതിയ അപേക്ഷ നൽകാനും കോടതി നിർദേശിച്ചു.
2009 ജൂൺ 20നാണ് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ആരോഗ്യരാജ് ചെട്ടിയാർ എന്ന കൗമാരക്കാരൻ ജോഗേശ്വരി സ്റ്റേഷനുസമീപം ട്രെയിനിൽനിന്ന് വീണത്. അമിത തിരക്ക് കാരണം ട്രെയ്നിൽനിന്ന് തെറിച്ചുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത ബോണഫൈഡ് പാസഞ്ചറായിരുന്നു മരിച്ച ആൺകുട്ടിയെന്ന് കോടതി കണ്ടെത്തി.
കുട്ടി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന റെയിൽവേയുടെ വാദം കോടതി തള്ളുകയായിരുന്നു. ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത് എന്നതുകൊണ്ട് മാത്രം അത് ട്രെയിനിൽനിന്നുള്ള വീഴ്ചയല്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രെയിനിൽ തിരക്കുണ്ടായിരുന്നുവെന്നും കുട്ടി വീണതാണെന്നുമുള്ള സുഹൃത്തിന്റെ സാക്ഷി മൊഴി ട്രൈബ്യൂണൽ പരിഗണിക്കാതിരുന്നത് തെറ്റാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.