ജമ്മു: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ഇന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്രുവിലെ ഷിങ്‌പോറ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. അതിനിടെയുണ്ടായ അപ്രതീക്ഷിത വെടിവെപ്പിൽ സൈനികന് പരിക്കേൽക്കുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സാണ് വിവരം പങ്കുവെച്ചത്.
'ഇന്ന് രാവിലെ കിഷ്ത്വാറിലെ ഛത്രുവിൽ പൊലീസുമായി സംയുക്തമായി നടത്തിയ ഓപറേഷനിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി.' വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും തീവ്രവാദികളെ നിർവീര്യമാക്കാനുള്ള പ്രവർത്തനം തുടരുകയാണെന്നും സൈന്യം അറിയിച്ചു. നാല് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
'നടന്നുകൊണ്ടിരിക്കുന്ന ഓപറേഷനിൽ ഉഗ്രമായ വെടിവെപ്പ് തുടരുകയാണ്. വെടിവെപ്പിൽ നമ്മുടെ ധീരജവാന്മാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മികച്ച ചികിത്സാ ശ്രമങ്ങൾ നടത്തിയിട്ടും അദ്ദേഹം മരണത്തിന് കീഴടങ്ങി.' വൈറ്റ് നൈറ്റ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. തെക്കൻ കശ്മീരിലെ ഭീകരവിരുദ്ധ ഓപറേഷനുകളിൽ ആറ് ഭീകരരെ വധിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് കിഷ്ത്വാറിലെ ഏറ്റുമുട്ടൽ. ഏപ്രിൽ 22-ന് പുൽവാമയിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം മേഖലയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.