ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഹരജിയിലെ കടുത്ത പരാമർശങ്ങൾ മയപ്പെടുത്താൻ ഹരജിക്കാരന്റെ അഭിഭാഷകനോട് സുപ്രീംകോടതി. ചില മതാനുയായികൾ ബലാത്സംഗത്തിനും കൊലക്കും പ്രേരിപ്പിക്കുന്നുവെന്ന കടുത്ത പ്രയോഗം ഗൗരവപ്പെട്ടതും അലട്ടുന്നതുമാണെന്ന് കേസിൽ കക്ഷിചേർന്നവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. ഈ ആരോപണം എന്താണെന്ന് ഹരജിക്കാരൻ ചിന്തിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഈ കടുത്ത പരാമർശങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടണമെന്ന് ദവെ ബോധിപ്പിച്ചിരുന്നു.
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവായ അഭിഭാഷകൻ അശ്വിനികുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്. ഇദ്ദേഹത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്തറാണ് ഹാജരായത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാതിരുന്നതിനെത്തുടർന്ന് കേസിൽ അടുത്ത വാദം കേൾക്കൽ ജനുവരി ഒമ്പതിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.