സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ: അഡ്വ. തമ്പാൻ തോമസ് പ്രസിഡന്‍റ്, ഡോ. സന്ദീപ് പാണ്ഡേ ജനറൽ സെക്രട്ടറി

മുംബൈ: സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദേശീയ പ്രസിഡന്‍റായി അഡ്വ. തമ്പാൻ തോമസും ജനറൽ സെക്രട്ടറിയായി ഡോ. സന്ദീപ് പാണ്ഡേയും തുടരും. പനവേൽ യുസഫ് മെഹർ അലി നഗറിൽ നടന്ന ദ്വിദിന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഹരീന്ദ്രസിങ് മനശാഹിയ, സയ്യിദ് തെഹ്സിൻ അഹ്‌മദ്‌, റാം ബാബു അഗർവാൾ, അഡ്വ. നിംഗപ്പ ദേവരവർ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്രഫ. ശ്യാം ഗംഭീർ, നുറുൽ അമീൻ, ഡോ. പീഹു പാർദേശി എന്നിവരെ ജനറൽ സെക്രെട്ടറിമാരായും മുഹമ്മദ് ഫൈസൽ ഖാൻ, സുരേഖ ആദം, അഡ്വ. ജയ വിന്ദ്യാലയ, കിഷോർ പോടൻവർ, അഭയ് സിൻഹ എന്നിവരെ സെക്രട്ടറിമാരായും പ്രിയ രഞ്ജൻ ബിഹാരിയെ ഖജാൻജിയായും തെരഞ്ഞെടുത്തു. മനോജ്‌ ടി. സാരംഗിനെ ഔദ്യോഗിക വക്താവായും പാർലിമെന്‍ററി ബോർഡ്‌ അധ്യക്ഷനായി മഞ്ജു മോഹൻ, ജനറൽ സെക്രട്ടറിയായി അഡ്വ. എസ്. രാജശേഖരൻ എന്നിവരെയും തെരഞ്ഞെടുത്തു.

രാജ്യത്തെ ജാതീയമായും വംശീയമായും ഭിന്നിപ്പിച്ചു കൊള്ളയടിക്കുന്ന വർഗീയ ഫാഷിസ്റ്റ് ഭരണത്തിനെതിരെ 1977 മാതൃകയിൽ പ്രതിപക്ഷ കക്ഷികൾ വിശാല ഐക്യം രൂപീകരിക്കണമെന്ന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും രാജ്യത്തെ നൂറ്റാണ്ടുകൾക്കു പുറകിലേക്ക് നയിച്ച ബി.ജെ.പി സർക്കാരിനെ നീക്കി മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരേണ്ടത് രാജ്യത്തിന്‍റെ നിലനിൽപിന് ആവശ്യമാണ്. ജാതി, മതങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു ഏതാനും കോർപറേറ്റ് ഭീമന്മാർക്ക് രാജ്യത്തെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ് കേന്ദ്രം സർക്കാറെന്നും സമ്മേളനം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കുന്നതിനെ എതിർക്കാൻ ജനാധിപത്യ വിശ്വാസികളോട് അഭ്യർഥിച്ച സമ്മേളനം ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിച്ചു സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

വികസിത രാജ്യങ്ങൾ തിരസ്കരിച്ച ഇലക്ട്രോണിക് വോടിങ് മെഷീൻ പിൻവലിച്ചു പേപ്പർ ബാലറ്റുകൾ തിരിച്ചു കൊണ്ടു വരണമെന്നും കർഷകർക്ക് നൽകിയ ഉറപ്പു പാലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അറുപതു വയസ് പൂർത്തിയായ മുഴുവൻ കർഷകർക്കും പെൻഷൻ അനുവദിക്കണമെന്നും മുതിർന്ന പൗരന്മാർക്കു സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അഡ്വ. തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. നൂറാം ജന്മദിനം ആഘോഷിക്കുന്ന സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ പ്രവർത്തകനും എഴുതുകാരനുമായ ഡോക്ടർ ജിജി പരീഖിനെ ആദരിച്ചു.

പന്നാലാൽ സുരാനാ, പ്രഫ. ശ്യാം ഗംഭീർ, നൂറുൽ അമീൻ, മഞ്ജു മോഹൻ, അഡ്വ. ജയവിന്ദാല, അനിൽ മിസ്ര, സയ്യിദ് ടെഹ്‌സിൻ അഹ്‌മദ്‌, മൊയ്‌നുദ്ദീൻ, ഡോ. ലളിത നായിക്, ഡോ. പീഹു പർദേശി, സുരേഖ ആദം, അപ്പ സഹീബ് കെർനാൽ, അഡ്വ. നിംഗപ്പ ദേവരവർ, ഡി. ഗോപാലകൃഷ്ണൻ, സി.പി. ജോൺ, ടോമി മാത്യു, തനജയ്, ഇള സിംഗം, സഹീർ അഹ്‌മദ്‌, ഡോ. കോവൈ സുന്ദരം, മുത്യാൽ യാദവ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Tags:    
News Summary - Socialist Party of India: Adv. Thampan Thomas President, Dr. Sandeep Pandey General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.